അന്തിക്കാട് : അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതി 16 വയസുള്ള കുട്ടിയുടെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റിയതിലുള്ള വൈരാഗ്യത്താൽ 16 വയസുള്ള കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതിയെ കൂടി പിടി കൂടി തൃശ്ശൂർ റൂറൽ പോലീസ്.
അന്തിക്കാട് പരയ്ക്കാട് വില്ലേജിൽ അരിമ്പൂർ കാരക്കാട്ട് പറമ്പിൽ വീട്ടിൽ അനന്തു (21 വയസ്സ്), എന്നയാളാണ് അറസ്റ്റിലായത്. അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് 20 വയസ്, വെളുത്തൂർ സ്വദേശി നങ്ങേലി വീട്ടിൽ സ്മിജിൻ 19 വയസ്, അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി 19 വയസ്, അരിമ്പൂർ നാലാംകല്ല് സ്വദേശി കണ്ണോളി വീട്ടിൽ രാജേഷ് 19 വയസ് എന്നീ നാല് പേരെ നേരത്തെ തന്നെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. പ്രതികൾ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
06.01.2026 തിയ്യതി വൈകീട്ട് 06.00 മണിയോടെ അരിമ്പൂർ ഓളംന്തലിപാറ കുളത്തിൻെറ സൈഡിൽ വെച്ച് 16 വയസുള്ള കുട്ടിയെ കൈ കൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിനാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്.
അന്തിക്കാട് പോലീസ് സറ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, സിവിൽ പോലീസ് ഓഫീസർമാരായ അമൽദേവ്, അനൂപ്, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


