PUDUKAD-NEWS-PUTHUKAD-NEWS

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി.

മാള : മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുരുവിലശ്ശേരി വില്ലേജ് വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസിനെയാണ് പ്രതി വാക്കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ വർഗ്ഗീസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ചെന്ന് തടഞ്ഞു നിർത്തി വെട്ടി ഗുരുതരപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് വർഗ്ഗീസിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാള പോലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭ്യമായിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അന്വേഷണ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനകളിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്തുകൊണ്ട് രാപ്പകലില്ലാതെ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് വലയിലാക്കിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. തപസ് വേലു മാള പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപടിക്കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി വൈ എസ് പിമാരായ സി എൽ ഷാജു (ഇരിങ്ങാലക്കുട), വി കെ രാജു (ചാലക്കുടി), മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, എസ് ഐ റഷീദ്, ജി എസ് ഐ കെ.ആർ.സുധാകരൻ, ജി എ എസ് ഐ നജീബ്, സ്ക്വാഡ് അംഗങ്ങളായ ഇ എസ് ജീവൻ, കെ കൃഷ്ണദാസ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, പി എം മൂസ, പി ജയകൃഷ്ണൻ , ജി എ എസ് ഐ മാരായ എ യു റെജി, സൂരജ് വി ദേവ്, ഷിജോ തോമസ്, സി പി ഒ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top