
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ വ്യക്തിജീവിതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾക്കും മീമുകൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി മാധ്യമപ്രവർത്തകയും ബിഗ് ബോസ് താരവുമായ ഷെഫാലി ബഗ്ഗ രംഗത്തെത്തി. ചാഹലിനെയും തന്നെയും ബന്ധപ്പെടുത്തി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ അങ്ങേയറ്റം ലജ്ജാകരവും അറപ്പുളവാക്കുന്നതുമാണെന്ന് അവർ തുറന്നടിച്ചു.
‘കിസ് കിസ്‌കോ പ്യാർ കരൂം’ എന്ന സിനിമയുടെ പോസ്റ്ററിൽ ചാഹലിനൊപ്പം മുൻഭാര്യ ധനശ്രീ വർമ്മ, ആർജെ മഹാവേഷ്, ഷെഫാലി ബഗ്ഗ എന്നിവരെ ഉൾപ്പെടുത്തിയാണ് സൈബർ ഇടങ്ങളിൽ പ്രചരണം നടന്നത്. ഈ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് ഷെഫാലി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലെ ട്രോളർമാർ സ്ത്രീകളോട് പെരുമാറുന്ന രീതി മോശമാണെന്നും ഇത് നമ്മുടെ സമൂഹത്തിന്റെ വികലമായ ചിന്താഗതിയുടെ പ്രതിഫലനമാണെന്നും അവർ കുറിച്ചു.
നേരത്തെ ഇത്തരം ട്രോളുകളോട് ചാഹൽ പരിഹാസത്തോടെയാണ് പ്രതികരിച്ചിരുന്നത്. ചിത്രത്തിൽ താനുമായി ബന്ധപ്പെടുത്തി രണ്ടോ മൂന്നോ പേരെ കൂടി ചേർക്കാൻ വിട്ടുപോയിട്ടുണ്ടെന്നും അടുത്ത തവണ അഡ്മിൻ കുറച്ചുകൂടി നന്നായി പഠിച്ചിട്ട് വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വിഷയം സ്ത്രീവിരുദ്ധമായ തലത്തിലേക്ക് മാറിയതോടെയാണ് ഷെഫാലി ഗൗരവകരമായ നിലപാടുമായി എത്തിയത്.
മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ചാഹലും ഷെഫാലിയും ഒരുമിച്ച് വരുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇരുവരെയും കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. 2025-ൽ ധനശ്രീ വർമ്മയുമായി വിവാഹമോചനം നേടിയ ശേഷം ചാഹലിന്റെ പേര് ആർജെ മഹാവേഷുമായി ബന്ധപ്പെടുത്തിയും വാർത്തകളുണ്ടായിരുന്നു. എന്നാൽ മഹാവേഷും ചാഹലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്.
The post ‘ഇത് അറപ്പുളവാക്കുന്നത്’; ചാഹലിന്റെ പേരിൽ പ്രചരിക്കുന്ന മീമുകൾക്കെതിരെ പ്രതികരിച്ച് ഷെഫാലി ബഗ്ഗ appeared first on Express Kerala.




