പ്രസവാവധി ഔദാര്യമല്ല, അവകാശമാണ്; മെഡിക്കൽ കോഴ്സിൽ നിന്ന് യുവതിയെ പുറത്താക്കരുതെന്ന് ഉത്തരവ്

പ്രസവാവധി ഔദാര്യമല്ല, അവകാശമാണ്; മെഡിക്കൽ കോഴ്സിൽ നിന്ന് യുവതിയെ പുറത്താക്കരുതെന്ന് ഉത്തരവ്

കൊച്ചി: പ്രസവാവധി എന്നത് വെറുമൊരു ഔദാര്യമല്ല, മറിച്ച് അത് ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്ന കാരണത്താൽ മെഡിക്കൽ ഉന്നതപഠനത്തിന് വിലക്കേർപ്പെടുത്തിയ അധികൃതരുടെ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറാണ് നീതി തേടി കോടതിയെ സമീപിച്ചത്. എം.ബി.ബി.എസിനും എം.ഡിക്കും ശേഷം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന സ്പെഷ്യലൈസ്ഡ് കോഴ്സിന് ചേർന്ന ഇവർക്ക് 184 ദിവസം പ്രസവാവധി എടുക്കേണ്ടി വന്നു. ഇതിനുപിന്നാലെ അപ്രതീക്ഷിതമായി രക്താർബുദം ബാധിച്ചതോടെ ചികിത്സയ്ക്കായി 195 ദിവസം കൂടി അവധി വേണ്ടിവന്നു. ആകെ അവധി 402 ദിവസമായതോടെ, ഒരു വർഷത്തിലധികം അവധിയെടുത്താൽ കോഴ്സിൽ തുടരാനാകില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ പഠനാനുമതി നിഷേധിക്കുകയായിരുന്നു.

Also Read: സ്ഥലമേറ്റെടുപ്പും പൈപ്പ് ലൈൻ മാറ്റലും വൈകുന്നു; മെട്രോ രണ്ടാംഘട്ടം ഡിസംബറിലേക്ക്

ഹർജിക്കാരിയുടെ ജീവിത സാഹചര്യം പ്രത്യേകമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രസവാവധി എന്നത് മറ്റ് അവധികളെപ്പോലെ കാണാനാവില്ലെന്നും മാതൃത്വം പഠനത്തിന് തടസ്സമാകരുതെന്നും കോടതി വ്യക്തമാക്കി. നിയമപരമായ ചട്ടങ്ങൾക്കപ്പുറം മാനുഷികമായ പരിഗണന ഇത്തരത്തിലുള്ള കേസുകളിൽ അത്യാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയെ കോഴ്സിൽ നിന്ന് പുറത്താക്കരുതെന്ന് നിർദ്ദേശിച്ച കോടതി, പുതിയ അവധി അപേക്ഷ നൽകാനും അത് അനുഭാവപൂർവ്വം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ എൻ.ബി.ഇ.എം.എസിനോടും ഉത്തരവിട്ടു.

The post പ്രസവാവധി ഔദാര്യമല്ല, അവകാശമാണ്; മെഡിക്കൽ കോഴ്സിൽ നിന്ന് യുവതിയെ പുറത്താക്കരുതെന്ന് ഉത്തരവ് appeared first on Express Kerala.

Spread the love
Scroll to Top