
ഒമാന്റെ മണ്ണിൽ വിസ്മയങ്ങൾ തീർത്ത ശൈത്യകാല ഉത്സവമായ ‘മസ്കത്ത് നൈറ്റ്സ്’ 20 ലക്ഷത്തോളം സന്ദർശകരെ സാക്ഷിയാക്കി സമാപിച്ചു. 2026 ജനുവരി ഒന്നിന് ആരംഭിച്ച് ജനുവരി 31 വരെ നീണ്ടുനിന്ന ഈ ആഘോഷം, വിനോദവും സംസ്കാരവും സംരംഭകത്വവും ഒത്തുചേർന്ന അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. രാജ്യത്തെ 24 കേന്ദ്രങ്ങളിലായി 168-ലധികം വൈവിധ്യമാർന്ന പരിപാടികളാണ് ഒരു മാസക്കാലം നീണ്ടുനിന്ന ഈ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയത്. ഒമാന്റെ പൈതൃകവും ആധുനികതയും ഒത്തുചേർന്ന ആഘോഷരാവുകൾ രാജ്യത്തെ ഏറ്റവും വലിയ ജനകീയ ഉത്സവമെന്ന ഖ്യാതി ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു.
ആഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായ ഖുറം നാച്ചുറൽ പാർക്കിലായിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ ജനത്തിരക്ക് അനുഭവപ്പെട്ടത്. ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത ഡ്രോൺ ഷോകൾ ഖുറം പാർക്കിനെ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റി. അൽ അമേറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ്, സീബ് ബീച്ച് തുടങ്ങി ഏഴ് പ്രധാന വേദികളിലും രാത്രികാലങ്ങളിൽ ജനപ്രവാഹമായിരുന്നു. പ്രാദേശിക സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും സാംസ്കാരിക വിനിമയത്തിനുമുള്ള വലിയൊരു വേദിയായി മാറിയ മസ്കത്ത് നൈറ്റ്സ്, ഒമാന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിയാണ് ഇത്തവണ പടിയിറങ്ങിയത്.
The post ജനസാഗരമായി മസ്കത്ത് നൈറ്റ്സ്: 20 ലക്ഷത്തിലധികം സന്ദർശകർ appeared first on Express Kerala.




