ഇന്ത്യ- യുഎസ് വ്യാപാര കരാർ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

ഇന്ത്യ- യുഎസ് വ്യാപാര കരാർ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

ന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് കടുക്കുന്നു. കരാർ സംബന്ധിച്ച വിവരങ്ങൾ പാർലമെന്റിനെ അറിയിക്കുന്നതിന് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിലൂടെ രാജ്യം അറിഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ ഇരുസഭകളിലും അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്ന് നോട്ടീസ് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന്റെ നിർണായക തീരുമാനങ്ങൾ വിദേശ രാജ്യത്തെ ഭരണാധികാരി പറഞ്ഞ് അറിയേണ്ടി വരുന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കരാർ സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ കരാർ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി നന്ദി അറിയിക്കുക മാത്രമാണ് ചെയ്തത്. വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സഭയിൽ പ്രസ്താവന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല. പകരം പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിലാകട്ടെ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കരാറിന്റെ പൂർണ്ണരൂപം സഭയിൽ വെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

Also Read: വാണിജ്യ കരാറിനെച്ചൊല്ലി ലോക്സഭയിൽ വൻ പ്രതിഷേധം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം എട്ട് എംപിമാർക്ക് സസ്പെൻഷൻ

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി പറയുന്നതോടെ വിഷയം കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത. കരാറിന് പുറമെ, രാഹുൽ ഗാന്ധിക്ക് സഭയിൽ സംസാരിക്കാൻ അനുമതി നൽകാത്തതും എംപിമാരുടെ സസ്‌പെൻഷനും ഉയർത്തിക്കാട്ടി പാർലമെന്റ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ ഈ വിവാദങ്ങൾക്ക് വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സഭാനടപടികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

The post ഇന്ത്യ- യുഎസ് വ്യാപാര കരാർ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം appeared first on Express Kerala.

Spread the love
Scroll to Top