
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓൺലൈൻ ഗെയിമിംഗിന് അടിമകളായ മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ഗാസിയാബാദിലെ ഭാരത് സിറ്റി ഏരിയയിൽ പുലർച്ചെ 2.30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ച സഹോദരിമാർ. കുട്ടികളുടെ അമിതമായ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതാണ് ഈ കടുത്ത നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് പെൺകുട്ടികൾ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നതായും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗ് ആപ്പുകൾക്ക് അടിമകളായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏത് തരത്തിലുള്ള ആപ്പാണ് കുട്ടികൾ ഉപയോഗിച്ചതെന്നും മറ്റാരെങ്കിലും ഇവരെ പ്രേരിപ്പിച്ചിരുന്നോ എന്നും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Also Read: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയുടെ കുതിപ്പിന് കരുത്താകും; നിർമ്മല സീതാരാമൻ
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കുട്ടികളുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ പ്രവർത്തനങ്ങളും പോലീസ് സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. ആപ്പ് ഉപയോഗ ചരിത്രവും ഓൺലൈൻ സംഭാഷണങ്ങളും വിശകലനം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു. ഗെയിമുകൾക്ക് അടിമപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന വലിയ മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.
The post ഓൺലൈൻ ഗെയിമിംഗ് ചതിക്കുഴി; മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു appeared first on Express Kerala.




