
അടുത്ത ഏകദിന ലോകകപ്പിൽ രോഹിത് ശർമയും വിരാട് കോഹ്ലിയോ കളിക്കണമോ എന്ന ചർച്ചകൾക്കിടെ, തൻ്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി. പ്രായത്തേക്കാൾ ഉപരി പ്രകടനത്തിനും കായികക്ഷമതയ്ക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് ധോണി ഓർമ്മിപ്പിച്ചു. റാഞ്ചിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രായം വെറുമൊരു അക്കം മാത്രമാണ്. ഒരാൾക്ക് ലോകകപ്പ് കളിക്കണമെന്നുണ്ടെങ്കിൽ പ്രായമല്ല മാനദണ്ഡമാകേണ്ടത്. മികച്ച പ്രകടനവും ഫിറ്റ്നസ്സും ഉണ്ടെങ്കിൽ ആർക്കും ടീമിൽ തുടരാം,” ധോണി പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറെപ്പോലെ അസാമാന്യ പ്രതിഭയല്ലെങ്കിൽ 20 വയസ്സുകാരനിൽ നിന്ന് അനുഭവസമ്പത്ത് പ്രതീക്ഷിക്കാനാവില്ലെന്നും, അതുകൊണ്ട് തന്നെ പരിചയസമ്പന്നരെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിലെ തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്നും നന്നായി കളിക്കുന്നവർക്ക് ടീമിൽ ഇടമുണ്ടാകണമെന്നുമുള്ള കൃത്യമായ സന്ദേശമാണ് ധോണി നൽകിയത്.
Also Read: കന്നി ഫൈനൽ തേടി അഫ്ഗാൻ; ആറാം കിരീടത്തിലേക്ക് കണ്ണുവെച്ച് ഇന്ത്യ ഇന്ന് സെമിയിൽ
വരാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചും ധോണി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഇന്ത്യൻ ടീം ഏത് വമ്പൻമാരെയും തോൽപ്പിക്കാൻ കരുത്തുള്ള അപകടകാരികളായി മാറിയിരിക്കുന്നു. എന്നാൽ മത്സരങ്ങളിൽ മഞ്ഞുവീഴ്ച വലിയൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ കളിജീവിതത്തിലും ഏറ്റവും ഭയപ്പെട്ടിരുന്നത് മഞ്ഞുവീഴ്ചയെ ആയിരുന്നുവെന്നും, അത്തരം സാഹചര്യങ്ങളിൽ ടോസ് നിർണ്ണായകമാകുമെന്നും ധോണി പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
The post പ്രായം വെറുമൊരു അക്കം മാത്രം! രോഹിത്-കോഹ്ലി വിഷയത്തിൽ മനസ്സ് തുറന്ന് ധോണി appeared first on Express Kerala.




