
അറബിക്കടലിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഒരുവശത്ത് സമവായത്തിനുള്ള ശ്രമം നടക്കുമ്പോൾ തന്നെ, അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഒരു ഇറാൻ ഡ്രോണാണ് അമേരിക്ക വെടിവച്ചിട്ടിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. അത് ഇതിന് മുൻപ് നടന്ന ഒരു സംഭവമാണ്. ഇറാനെ ആക്രമിക്കാൻ വേണ്ടി അമേരിക്ക അയച്ച വിമാന വാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിന്റെ ഒരു ദൃശ്യം, ആ പടകപ്പൽ ഒമാൻ തീരത്ത് എത്തും മുൻപ് തന്നെ ഇറാൻ സൈന്യം ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ആ ദൃശ്യത്തിൽ വിമാന വാഹിനി കപ്പലിൽ പാർക്ക് ചെയ്തിരിക്കുന്ന യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ദൃശ്യമായിരുന്നു.
അമേരിക്കയുടെ അതീവ സുരക്ഷാ മേഖല പോലെ കടലിൽ നീങ്ങുന്ന വിമാന വാഹിനി കപ്പലിന്റെ ഇത്തരമൊരു ദൃശ്യം ഇറാൻ പുറത്ത് വിട്ടതിന് പിന്നിലെ ഉദ്ദേശം, യു.എസ്.എസ് എബ്രഹാം ലിങ്കണും തങ്ങളുടെ പോയിന്റ് ബ്ലാങ്കിലാണ് എന്നത് അമേരിക്കയെ ബോധ്യപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു. നിരവധി പടകപ്പലുകളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും വൻ സുരക്ഷയിൽ ഇറാനെ ലക്ഷ്യമാക്കി പുറപ്പെട്ട എബ്രഹാം ലിങ്കൺ, ലോകത്തിന് മുന്നിൽ ഇങ്ങനെ അപമാനിക്കപ്പെടുമെന്ന് ഈ പടകപ്പൽ വ്യൂഹത്തെ പറഞ്ഞ് വിട്ട സാക്ഷാൽ ട്രംപ് പോലും കരുതിയിട്ടുണ്ടാകില്ല. ഈ സംഭവം നൽകിയ ഭയമാണ്, ഒരു ഇറാൻ ഡ്രോൺ വെടിവച്ചിട്ടതിലൂടെ മനസ്സിലാകുന്നത്.
അമേരിക്കയെയും അവരുടെ കപ്പൽ പടയെയും ഭയപ്പെടുന്നില്ല എന്ന സന്ദേശം മാത്രമല്ല, ആക്രമിക്കാൻ തയ്യാറാണ് എന്ന മുന്നറിയിപ്പും നൽകുന്നതിനു വേണ്ടിയാണ് ഇറാൻ ഡ്രോൺ പറത്തിയിരിക്കുന്നത് എന്നത് വ്യക്തമാണ്. ഇപ്പോൾ നടക്കുന്ന സമാധാന ചർച്ചയിൽ പോലും ഇറാൻ സേനക്ക് താൽപര്യം ഇല്ല എന്നതാണ് വസ്തുത. അറബ് രാജ്യങ്ങളും റഷ്യയും മുൻകൈ എടുത്ത് നടക്കുന്ന ചർച്ച ആയതിനാലാണ്, ഇറാൻ സുപ്രീം ലീഡറും ഈ ചർച്ചയെ എതിർക്കാതിരിക്കുന്നത്. എങ്കിലും, ഇറാന്റെ അഭിമാനം പണയം വച്ചുള്ള ഒരു തീരുമാനത്തിനും തങ്ങളെ കിട്ടില്ലെന്ന് ഇറാൻ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ സമവായ ചർച്ചകൾ പൂർണ്ണമായും പൊളിയാൻ സാധ്യതയില്ല. ചർച്ച നടക്കേണ്ടതും ഏറ്റുമുട്ടൽ ഒഴിവാക്കേണ്ടതും ഇപ്പോൾ അമേരിക്കയുടെ കൂടി ആവശ്യമാണ്. ഇറാൻ ഒരു അറ്റാക്ക് പൊസിഷനിലേക്ക് നീങ്ങുമെന്നത് വെല്ലുവിളിക്കുമ്പോൾ ട്രംപും ഓർത്തിട്ടുണ്ടാകില്ല. അതല്ലെങ്കിൽ ഇറാന്റെ സൈനിക കരുത്ത് അളന്നതിൽ അവർക്ക് തെറ്റുപറ്റി എന്നു തന്നെ വിലയിരുത്തേണ്ടതായി വരും. അമേരിക്ക വെട്ടി വെച്ചിട്ടത് ഒരു നിരീക്ഷണ ഡ്രോണാണ്. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഈ ഡ്രോൺ വെടിവച്ചിട്ടിരിക്കുന്നത്. വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയിലാണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറയുന്നത്. ഡ്രോൺ അടുത്തു വരുമ്പോൾ കപ്പൽ ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 500 മൈൽ അകലെയായിരുന്നു എന്നതും ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
ഡ്രോൺ എന്തിനാണ് കപ്പലിനെ സമീപിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ക്യാപ്റ്റൻ ടിം ഹോക്കിൻസ് തന്നെ പറയുമ്പോൾ, ഇറാൻ സേന വെളിപ്പെടുത്തുന്നത് അമേരിക്ക വെടിവെച്ചിട്ടു എന്ന് പറയുന്ന നിരീക്ഷണ ഡ്രോൺ നൽകിയ വിവരങ്ങൾ ഇറാന്റെ പക്കൽ സുരക്ഷിതമാണ് എന്നാണ്. ഇക്കാര്യം ഇറാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത്, അമേരിക്കൻ എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനം ഡ്രോൺ വെടിവെച്ചിടുന്നതിന് മുൻപ് തന്നെ, ഡ്രോണിൽ നിന്നും കിട്ടേണ്ട വിവരങ്ങൾ ഇറാന് ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കൻ പതാകയുള്ള എണ്ണ കപ്പൽ ഇറാൻ സൈന്യം തടഞ്ഞുവയ്ക്കാൻ ശ്രമിച്ച വാർത്തയും പുറത്തു വന്നിട്ടുണ്ട്. നിങ്ങൾ ആക്രമിക്കാൻ വന്നാൽ എന്തൊക്കെ സംഭവിക്കും എന്ന മുന്നറിയിപ്പ് അമേരിക്കയ്ക്ക് നൽകാനാണ് എണ്ണ കപ്പൽ തടഞ്ഞത് വഴി ഇറാൻ സൈന്യം ശ്രമിച്ചിരിക്കുന്നത്. രണ്ട് ഇറാനിയൻ ഗൺബോട്ടുകളും ഒരു ഡ്രോണും എത്തി വെല്ലുവിളിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡും പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിൽ നിന്ന് 16 നോട്ടിക്കൽ മൈൽ വടക്കോട്ട് സഞ്ചരിക്കുമ്പോൾ ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുടെ മൂന്ന് ജോഡി സായുധ ബോട്ടുകൾ അമേരിക്കൻ എണ്ണ കപ്പലിനെ സമീപിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ വാൻഗാർഡ് ടെകും ഇതിനു പിന്നാലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പൽ വേഗത വർദ്ധിപ്പിക്കുകയും ഗതി നിലനിർത്തുകയും ചെയ്തതിനാലാണ് രക്ഷപ്പെട്ടതെന്നാണ് ഈ മാധ്യമ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് മറ്റൊന്നാണ്. ഇറാന്റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനെ ഇറാൻ കപ്പൽപട തടഞ്ഞു നിർത്തി മുന്നറിയിപ്പ് നൽകി വിട്ടയച്ചു എന്നാണ് അവർ പറയുന്നത്. ഈ പറഞ്ഞതിൽ ഏത് ശരിയായാലും, തടഞ്ഞു വയ്ക്കപ്പെട്ടത് അമേരിക്കൻ പതാക വഹിച്ച കപ്പലാണ് എന്നതിൽ തർക്കമില്ല. ഈ രണ്ട് സംഭവങ്ങളിലും യഥാർത്ഥത്തിൽ നാണം കെട്ടത് അമേരിക്ക തന്നെയാണ്. അതിന് കാരണം, അമേരിക്കയുടെ വിമാന വാഹിനി കപ്പലിനു നേരെ ഡ്രോൺ പറത്താനും അവരുടെ തന്നെ മറ്റൊരു എണ്ണ കപ്പൽ തടഞ്ഞ് തിരിച്ചയക്കാനും ഇറാനെ പോലുള്ള ഒരു രാജ്യം ധൈര്യം കാട്ടി എന്നത് തന്നെയാണ്. അതൊരു അസാമാന്യ ധീരത തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.
സമവായ ചർച്ചയിൽ അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന കൃത്യമായ ഒരു പ്രഖ്യാപനം കൂടി ഈ നടപടിക്ക് പിന്നിലുണ്ട്. ട്രംപ് ആഗ്രഹിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയമൊന്നും ഇറാൻ അമേരിക്കയ്ക്കോ അന്താരാഷ്ട്ര ഏജൻസിക്കോ വിട്ടുനൽകാൻ പോകുന്നില്ല. ബാലസ്റ്റിക് മിസൈൽ പദ്ധതിയിൽ തൊട്ട് കളിക്കാനും ഇറാൻ സമ്മതിക്കുകയില്ല. ഈ സംഘർഷാവസ്ഥ എങ്ങനെ അവസാനിക്കും എന്നത് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണുക മാത്രമേ ഈ ഘട്ടത്തിൽ ചെയ്യാൻ കഴിയൂ.
EXPRESS VIEW
വീഡിയോ കാണാം…
The post അമേരിക്കൻ കപ്പലിൽ കയറി വിരട്ടി ഇറാൻ സൈന്യം, വെടി വെച്ചിട്ട ഡ്രോണിൽ നിന്നും വിവരങ്ങളും കണ്ടെടുത്തു ! appeared first on Express Kerala.




