സാഹസിക വിനോദങ്ങൾക്ക് ‘പൂട്ടുവീഴും’; ഫെബ്രുവരി 14 മുതൽ കർശന പരിശോധന

സാഹസിക വിനോദങ്ങൾക്ക് ‘പൂട്ടുവീഴും’; ഫെബ്രുവരി 14 മുതൽ കർശന പരിശോധന

ഇടുക്കി: ജില്ലയിലെ ലൈസൻസില്ലാത്ത മുഴുവൻ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കെതിരെയും കർശന നടപടിയുമായി ജില്ലാ കളക്ടർ. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. ഫെബ്രുവരി 14 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ആരംഭിക്കും.

ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ചംഗ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ആകാശത്ത് കുടുങ്ങിയ സംഭവമാണ് ഈ കർശന നടപടിക്ക് കാരണമായത്. 120 അടി ഉയരത്തിൽ സാങ്കേതിക തകരാർ മൂലം കുടുങ്ങിയ ഇവരെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇതേത്തുടർന്ന് ഈ സ്ഥാപനത്തിന് കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

Also Read: കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; മുറിക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മാർച്ച് 31-നകം ജില്ലയിലെ എല്ലാ സാഹസിക വിനോദ കേന്ദ്രങ്ങളിലെയും പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും. നിലവിൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ നൽകിയ പട്ടിക പ്രകാരം അനുമതിയില്ലാത്ത സ്ഥാപനങ്ങളിലാകും ആദ്യം പരിശോധന നടക്കുക. നിലവിൽ 31 ഇനം സാഹസിക വിനോദങ്ങൾക്ക് മാത്രമാണ് ടൂറിസം വകുപ്പിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുള്ളത്. എന്നാൽ പുതിയ വിനോദങ്ങൾക്ക് ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനാൽ ഇത്തരം പുതിയ വിനോദങ്ങൾക്കായി പ്രത്യേക മാനദണ്ഡം വേഗത്തിൽ തയ്യാറാക്കണമെന്നും ഇല്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഇനിയുമുണ്ടായേക്കുമെന്നാണ് ആശങ്ക.

സിപ്പ് ലൈൻ, സ്കൈ സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങൾക്ക് ടൂറിസം വകുപ്പിന് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് കൂടി പൂർത്തിയായാലേ ഇനി അനുമതി നൽകൂ. എന്നാൽ സ്കൈ ഡൈനിങ് പുതിയ ആശയമായതിനാൽ, ഏതൊക്കെ അനുമതി വേണമെന്ന് കാര്യത്തിൽ സർക്കാരിന് വ്യക്തത കുറവുണ്ട്. ഐഐടി പോലുള്ള സാങ്കേതിക സ്ഥാപനങ്ങളെ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്താനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

The post സാഹസിക വിനോദങ്ങൾക്ക് ‘പൂട്ടുവീഴും’; ഫെബ്രുവരി 14 മുതൽ കർശന പരിശോധന appeared first on Express Kerala.

Spread the love
Scroll to Top