
പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നും തണ്ണിമത്തനുമായി വന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം പിടികൂടി പാലക്കാട് പോലീസ്. 90 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്‌നാട് ധർമ്മപുരി സ്വദേശി സെന്തിൽകുമാറിനെ (48) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടരയോടെ പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തായിരുന്നു സംഭവം. രഹസ്യവിവരത്തെത്തുടർന്ന് പരിശോധനയ്‌ക്കായി കൈകാണിച്ച പിക്കപ്പ് വാൻ നിർത്താതെ പോയി. തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ടാർപ്പായ ഇട്ട് മൂടിയ വാനിന് മുകളിൽ തണ്ണിമത്തൻ ചാക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഇവ മാറ്റിയപ്പോഴാണ് അടിയിൽ പെട്ടികളിലാക്കി ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടകവസ്തുക്കളുടെ വൻ ശേഖരമായതിനാൽ അപകടസാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേനയെ സ്ഥലത്തെത്തിച്ച ശേഷമാണ് പരിശോധന നടത്തിയത്.
Also Read: ക്രൂരത! ഒളവണ്ണയിൽ പൂച്ചയെ മാവിൽ കെട്ടിത്തൂക്കി കൊന്ന നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുഴുവൻ പെട്ടികളും പുറത്തെടുത്തത്. കോഴിക്കോട് അല്ലെങ്കിൽ തൃശൂർ ഭാഗങ്ങളിലെ പാറമടകളിലേക്കാണ് ഇവ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. ഇൻസ്‌പെക്ടർ വിപിൻകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് സ്ഫോടകവസ്തു കടത്തുകാരെ വലയിലാക്കിയത്.
The post പാലക്കാട് വൻ സ്ഫോടകവസ്തു വേട്ട; തണ്ണിമത്തൻ വാനിൽ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകൾ appeared first on Express Kerala.




