
തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും പാർട്ടി പ്രവർത്തകനുമായിരുന്ന വിനോദ് കോൺഗ്രസിൽ ചേർന്നു. സിപിഐഎം ബ്രാഞ്ച് അംഗമായിരുന്ന വിനോദിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് വിനോദ് സിപിഐഎം വിട്ടത്.
വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടിൽ നിന്ന് നേതാക്കൾ പണം തട്ടിയെന്ന വിനോദിന്റെ ആരോപണം ശരിവെക്കുന്നതായിരുന്നു വി.ഡി. സതീശന്റെ വിമർശനം. ധനരാജ്, അഭിമന്യു, വിഷ്ണു എന്നിവരുടെ രക്തസാക്ഷി ഫണ്ടുകൾ സിപിഐഎം നേതാക്കൾ വകമാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഫണ്ട് തട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും, തരംതാഴ്ത്തപ്പെട്ട വ്യക്തിക്ക് പിന്നീട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകി പ്രൊമോട്ട് ചെയ്തത് വിഷ്ണുവിന്റെ കുടുംബത്തെ ഏറെ വേദനിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: പ്രതികൾ രക്ഷപെടുന്നത് നിയമത്തിന്റെ പഴുതിലൂടെ; ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാരിനെതിരെ സണ്ണി ജോസഫ്
വിഷ്ണു കൊല്ലപ്പെട്ട ശേഷം പാർട്ടി പിരിച്ച ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് വിനോദിന്റെ പരാതി. ഈ തട്ടിപ്പിന് പിന്നിൽ മന്ത്രി വി. ശിവൻകുട്ടിയാണെന്നും ആരോപണമുണ്ട്. തട്ടിപ്പ് നടത്തിയ നേതാവിനെ പാർട്ടി വീണ്ടും ഉന്നത പദവികളിൽ അവരോധിച്ചതിൽ പ്രതിഷേധിച്ചാണ് വർഷങ്ങളായി സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിനോദ് കോൺഗ്രസിലേക്ക് മാറിയത്.
The post സിപിഎമ്മിന് പ്രഹരം! രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു; അംഗത്വം നൽകി വി.ഡി സതീശൻ appeared first on Express Kerala.




