കേരളത്തിന് ഒരു സംസ്കാരമുണ്ട്, വസ്ത്രത്തിന്റെ പേരിൽ അത് മാറ്റാനാവില്ല; ചുരിദാർ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി

കേരളത്തിന് ഒരു സംസ്കാരമുണ്ട്, വസ്ത്രത്തിന്റെ പേരിൽ അത് മാറ്റാനാവില്ല; ചുരിദാർ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി

കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയതിന് സ്കൂൾ എച്ച്.എം സിന്ധുവിനെ തടഞ്ഞ സംഭവം ഗൗരവകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.

നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വിവാദമായ സംഭവം. ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ പ്രധാനാധ്യാപികയെ മാനേജരുടെ നിർദ്ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടയുകയായിരുന്നു. ചുരിദാർ ധരിച്ചാൽ അകത്തു കയറ്റേണ്ട എന്നായിരുന്നു മാനേജരുടെ ഉത്തരവെന്ന് അധ്യാപിക പറയുന്നു. അധ്യാപികയുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ടാണ് ഇവരെ സ്കൂളിനുള്ളിൽ പ്രവേശിപ്പിച്ചത്.

Also Read: ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

സംഭവത്തിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തിട്ടുണ്ട്. അധ്യാപികയെ തടഞ്ഞുവെച്ചതിലൂടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്.ഐ.ആർ പറയുന്നത്. അധ്യാപകർക്ക് പ്രത്യേക വസ്ത്രധാരണ രീതി നിർബന്ധമില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ മാനേജർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് സിന്ധു ആരോപിച്ചു. എന്നാൽ ചുരിദാറിന്റെ പേരിൽ തടയാൻ താൻ നിർദ്ദേശിച്ചിട്ടില്ലെന്നാണ് സ്കൂൾ മാനേജർ സുരേഷ് കുമാറിന്റെ വിശദീകരണം.

The post കേരളത്തിന് ഒരു സംസ്കാരമുണ്ട്, വസ്ത്രത്തിന്റെ പേരിൽ അത് മാറ്റാനാവില്ല; ചുരിദാർ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി appeared first on Express Kerala.

Spread the love
Scroll to Top