
എൽ.എസ്.എസ്. (LSS), യു.എസ്.എസ്. (USS) സ്കോളർഷിപ്പ് ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നേരിട്ട് നൽകുന്ന രീതി സർക്കാർ നിർത്തലാക്കി. ഇനി മുതൽ സ്കൂൾ പ്രഥമാധ്യാപകർ പരീക്ഷാഭവൻ വെബ്‌സൈറ്റിലെ എച്ച്.എം. പോർട്ടൽ വഴി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സീൽ വെച്ച് നൽകണം. പരീക്ഷാഭവനിൽ നിന്ന് പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴി സ്കൂളുകളിൽ എത്തിച്ചിരുന്ന മുൻപത്തെ രീതിയാണ് ഇതോടെ മാറുന്നത്. സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഈ പരിഷ്കാരമെന്നാണ് അധികൃതരുടെ വിശദീകരണം.
പുതിയ നിബന്ധന പ്രകാരം 100 ജി.എസ്.എം കനമുള്ള എ4 പേപ്പറിൽ വേണം സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാൻ. സ്കൂളുകളിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതിനുള്ള അധിക ചിലവ് സർക്കാർ നൽകില്ലെന്നത് അധ്യാപകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെയാണ് പ്രിന്റെടുക്കാൻ സമയം അനുവദിച്ചിട്ടുള്ളതെങ്കിലും വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് ഒരു തവണ മാത്രമേ പ്രിന്റെടുക്കാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശവും നിലവിലുണ്ട്.
Also Read; സംസ്‌കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം; എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അപേക്ഷിക്കാം
സ്കോളർഷിപ്പ് തുക നൽകുന്നതിൽ സർക്കാർ വരുത്തുന്ന വൻ വീഴ്ചയും വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 2021 മുതലുള്ള തുക പല വിദ്യാർത്ഥികൾക്കും ഇതുവരെ ലഭിച്ചിട്ടില്ല. സ്കോളർഷിപ്പ് ലഭിച്ച പല കുട്ടികളും ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയിട്ടും ആനുകൂല്യങ്ങൾ കുടിശ്ശികയായി തുടരുകയാണ്. ചിലർക്ക് തുക ലഭിച്ചെങ്കിലും വലിയൊരു വിഭാഗം കുട്ടികളും ഇപ്പോഴും സ്കോളർഷിപ്പിനായി കാത്തിരിക്കുകയാണ്. സർട്ടിഫിക്കറ്റ് നൽകുന്നതിനൊപ്പം കുടിശ്ശിക തീർക്കുന്ന കാര്യത്തിലും സർക്കാർ അനാസ്ഥ തുടരുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
The post എൽ.എസ്.എസ്, യു.എസ്.എസ് സർട്ടിഫിക്കറ്റ് ഇനി സ്കൂളുകൾ പ്രിന്റെടുക്കണം; സ്കോളർഷിപ്പ് തുകയും കുടിശ്ശികയിൽ appeared first on Express Kerala.



