
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യയുടെ കൗമാരപ്പട ആറാം തവണയും ലോകകിരീടം സ്വന്തമാക്കി. ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ ഇംഗ്ലണ്ടിന് മറുപടിയില്ലാതെ പോയി. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ ചരിത്രവിജയത്തിന് അടിത്തറ പാകിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. അണ്ടർ 19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇംഗ്ലീഷ് ബൗളർമാരെ തകർത്തത്. ക്യാപ്റ്റൻ ആയുഷ് മാത്രെ അർദ്ധസെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി. 412 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി കാലബ് മാത്യു ഫാൽക്കണർ (115) സെഞ്ച്വറിയുമായി പൊരുതിയെങ്കിലും 100 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അംബ്രിഷ് ആർ.എസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.
Also Read: സൂര്യയല്ല, കിഷനുമല്ല; ടീം ഇന്ത്യയിലെ ഏറ്റവും അപകടകാരിയെ തിരഞ്ഞെടുത്ത് റിഷഭ് പന്ത്
ഇന്ത്യൻ യുവനിരയുടെ ഈ ഉജ്ജ്വല വിജയത്തെ മുൻ നായകൻ വിരാട് കോഹ്‌ലിയും സീനിയർ ടീം പരിശീലകൻ ഗൗതം ഗംഭീറും അഭിനന്ദിച്ചു. പ്രായപരിധിയിലുള്ള ക്രിക്കറ്റിൽ ഇന്ത്യയുടെ ആധിപത്യം തുടരുകയാണെന്നും താരങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും കോഹ്‌ലി പറഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ഭാവി ഈ യുവതാരങ്ങളിലൂടെ സുരക്ഷിതമാണെന്നായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.
The post ഭാവി സുരക്ഷിതം! യുവതാരങ്ങളെ അഭിനന്ദിച്ച് കോഹ്‌ലിയും ഗംഭീറും; ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയിൽ appeared first on Express Kerala.


