
‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ‘മസ്തിഷ്ക മരണം’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. 2046-ലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഡിസ്റ്റോപ്യൻ സൈബർ പങ്ക് എന്ന വേറിട്ട രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെടാത്ത ഈ ശൈലിയിലുള്ള ചിത്രം ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ലോകപ്രശസ്തമായ ‘ബ്ലേഡ് റണ്ണർ’ പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം വിഷ്വൽ ഇഫക്റ്റുകൾക്ക് (VFX) വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് കൃഷാന്ത് ഈ കഥാലോകം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനവും അതിൽ നടി രജിഷ വിജയന്റെ വ്യത്യസ്തമായ ലുക്കും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്.
Also Read: ‘അതൊരു പാവം കുട്ടിയാണ്, ലാൽ സാറിന്റെ മോളാണെന്ന് അറിഞ്ഞില്ല’; വിസ്മയയെക്കുറിച്ച് ജാഫർ ഇടുക്കി
രജിഷ വിജയൻ, നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ സഞ്ജു ശിവറാം അതിഥി വേഷത്തിൽ എത്തുന്നു. വർക്കിയുടെ സംഗീതവും പ്രയാഗ് മുകുന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. പ്രൊജക്റ്റ് ഡിസൈനറായി രഞ്ജിത്ത് കരുണാകരനും ആക്ഷൻ രംഗങ്ങൾക്കായി ശ്രാവൺ സത്യയും അണിയറയിൽ പ്രവർത്തിക്കുന്നു.
The post 2046-ലെ കേരളം, ഹോളിവുഡ് സ്റ്റൈൽ മേക്കിങ്; കൃഷാന്തിന്റെ സൈബർ പങ്ക് ചിത്രം ‘മസ്തിഷ്ക മരണം’ ടീസർ പുറത്ത് appeared first on Express Kerala.



