
തിരുവല്ലയിലെ സ്പായിൽ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ലെന്നും എന്നാൽ രണ്ടാം തീയതി തന്നെ വിവരം ലഭിച്ച ഉടൻ പോലീസ് സ്വമേതയാ കേസെടുത്ത് നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യപ്രതിയായ സുബിൻ അലക്‌സാണ്ടർ ഉൾപ്പെടെ രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പണം ആവശ്യപ്പെട്ടാണ് പ്രതികൾ സ്പായിൽ എത്തിയതെന്നും അത് നൽകാത്തതിനെ തുടർന്നാണ് ക്രൂരമായ അതിക്രമങ്ങൾ നടത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിലെ അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായവും കൗൺസിലിങ്ങും പോലീസ് ഉറപ്പാക്കും. മുഖ്യപ്രതി സുബിൻ അലക്‌സാണ്ടർക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. സംഭവം ബിസിനസ് വൈരാഗ്യം മൂലമുള്ള ക്വട്ടേഷൻ ആണോ എന്നത് സംബന്ധിച്ച് സ്പാ ഉടമയുടെ മൊഴി വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിൽ എല്ലാ വശങ്ങളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Also Read: സ്പാ മാഫിയയും പോലീസും ഭായ്-ഭായ്? തിരുവല്ലയിലെ ഗുണ്ടാ വിളയാട്ടം മറച്ചുവെക്കാൻ ശ്രമമെന്ന് ആക്ഷേപം
പോലീസിനെതിരെയുള്ള മാസപ്പടി ആരോപണങ്ങൾ തള്ളിക്കളഞ്ഞ ജില്ലാ പോലീസ് മേധാവി, അത്തരം പരാതികൾ നിലവിൽ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. മുൻപ് ഇത്തരം അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവല്ല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജില്ലയിലെ കാപ്പാ പ്രതികളെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മുഴുവൻ സമയവും നിരീക്ഷിക്കുമെന്നും പോലീസ് അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
The post തിരുവല്ല സ്പാ ആക്രമണം! പോലീസിന് വീഴ്ച പറ്റിയിട്ടില്ല, അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ജില്ലാ പോലീസ് മേധാവി appeared first on Express Kerala.


