
ടി20 ലോകകപ്പ് ആവേശത്തിന് തുടക്കമാകുന്നതിന് തൊട്ടുമുൻപാണ് അപ്രതീക്ഷിതമായി മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിലേക്ക് വിളിക്കപ്പെടുന്നത്. പരിക്കേറ്റ പേസർ ഹർഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയെങ്കിലും ആദ്യ ഇലവനിൽ സിറാജിന് അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പനി ബാധിച്ചതോടെ ആദ്യ മത്സരത്തിൽ തന്നെ സിറാജിന് കളത്തിലിറങ്ങാൻ നറുക്കുവീണു. തനിക്ക് ലഭിച്ച ഈ സുവർണ്ണാവസരം കൃത്യമായി വിനിയോഗിച്ച താരം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
തന്റെ നാലോവർ സ്പെല്ലിൽ വെറും 29 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ആയിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് ടേക്കർ. ആൻഡ്രീസ് ഗൗസ്, സായ്തേജ മുക്കമല്ല, ശുഭം രഞ്ജനെ തുടങ്ങിയ യുഎസ്എയുടെ പ്രധാന ബാറ്റർമാരെ പുറത്താക്കി സിറാജ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. സിറാജിനൊപ്പം അർഷ്ദീപ് സിംഗും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ബൗളിംഗ് നിരയിൽ കരുത്തായി.
Also Read: ‘ബാബറിന് സിക്സറടിക്കാൻ കരുത്തില്ല’; തത്സമയ കമന്ററിക്കിടെ ബാബർ അസമിനെ പരിഹസിച്ച് മുഹമ്മദ് കൈഫ്
യുഎസ്എക്കെതിരായ മത്സരത്തിൽ 29 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ നേടാനായുള്ളൂ. 49 പന്തിൽ നിന്ന് 84 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ബൗളിംഗിൽ സിറാജിന്റെയും അർഷ്ദീപിന്റെയും മികച്ച പ്രകടനത്തിനൊപ്പം വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി ടീമിന് പിന്തുണ നൽകി.
The post ടീമിലെത്തിയത് അവസാന നിമിഷം; യുഎസ്എയെ എറിഞ്ഞിട്ട് മുഹമ്മദ് സിറാജിന്റെ തകർപ്പൻ തിരിച്ചുവരവ് appeared first on Express Kerala.




