
ഗോവയിലെത്തുന്ന വിദേശ-സ്വദേശി വിനോദസഞ്ചാരികളുടെ സ്വകാര്യത ഉറപ്പാക്കാൻ കർശന നടപടികളുമായി ഗോവ പൊലീസ്. ടൂറിസ്റ്റുകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ടൂറിസ്റ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങളും ശല്യപ്പെടുത്തലുകളും വർധിച്ച സാഹചര്യത്തിലാണ് വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്യാവുന്ന ബി.എൻ.എസ് 170-ാം വകുപ്പ് പ്രകാരം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.
ബീച്ചുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിദേശ വനിതകളെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബാഗാ ബീച്ചിൽ ടൂറിസ്റ്റുകളെ ശല്യം ചെയ്ത തമിഴ്നാട് സ്വദേശികളെയും വിദേശ വനിത നീന്തുന്ന ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കളങ്കമുണ്ടാക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Also Read: ഇന്ത്യ-മലേഷ്യ ബന്ധത്തിൽ പുതിയ യുഗം; ആറ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
നിലവിൽ ബീച്ചുകളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാനും 24 മണിക്കൂർ വരെ കരുതൽ തടങ്കലിൽ വെക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 2025-ൽ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ തുടർച്ചയായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കർശന നീക്കം. ഗോവയുടെ സൽപ്പേര് സംരക്ഷിക്കാനും സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
The post സെൽഫി പ്രേമികൾ ജാഗ്രതൈ! അനുമതിയില്ലാതെ ടൂറിസ്റ്റുകളുടെ ചിത്രമെടുത്താൽ ഗോവയിൽ ഇനി അഴിയെണ്ണും appeared first on Express Kerala.




