
യുഡിഎഫും ബിജെപിയും ഒരേ വികസന വിരുദ്ധ നിലപാടുകളുള്ള തൂവൽ പക്ഷികളാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കഴിഞ്ഞ പത്ത് വർഷമായി കേന്ദ്ര ബജറ്റുകളിൽ കേരളത്തെ പാടെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ അമേരിക്കയുടെ താല്പര്യങ്ങൾക്ക് കീഴടങ്ങുകയാണെന്നും രാജ്യം എന്തുചെയ്യണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽവേ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് വികസന കാര്യത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിക്കുന്ന സമീപനമല്ല കേരളത്തോടുള്ളത് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ കർഷകരുടെ പ്രതിസന്ധികളിൽ കേന്ദ്രം മുഖം തിരിക്കുകയാണെന്നും റബ്ബർ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാൻ തയ്യാറാകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഇറക്കുമതി ചുങ്കത്തിലൂടെ ലഭിക്കുന്ന വരുമാനം നേരിട്ട് കർഷകർക്ക് നൽകാൻ നടപടി വേണം. കേരളത്തിൽ യുഡിഎഫ് ഇനി അധികാരത്തിൽ വരില്ലെന്നും, അഥവാ വന്നാൽ അവർ ശബരിമല കേസ് അട്ടിമറിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷം കലാപങ്ങളില്ലാത്ത ഭരണമാണ് കേരളത്തിലുണ്ടായതെന്നും വികസന കാര്യത്തിൽ കേരളത്തെ തകർക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
The post യുഡിഎഫും ബിജെപിയും വികസന വിരുദ്ധർ! ജോസ് കെ. മാണി appeared first on Express Kerala.




