
റോയിയുടെ മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് ടി എ ജോസഫ്. പരിശോധനയുമായി സഹകരിച്ചുവെന്നും, ബെംഗളൂരുവിൽ നടന്നത് പതിവ് പരിശോധന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൂടുംബം തകർക്കുന്ന രീതിയിൽ ചില യൂട്യൂബർമാർ വർത്ത ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും കുടുംബത്തെയും കമ്പനിയെയും തകർക്കുന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് എംഡി ടി.എ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചയാളെ പോലും ഇത്തരത്തിൽ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് വളരെ മ്ലേച്ഛകരമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെയും ജിഎസ്ടി ഉദ്യോഗസ്ഥരുടെയും പരിശോധനകൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി നടന്നതാണെന്നും കമ്പനി ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി
കമ്പനിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി. കോൺഫിഡന്റ് ഗ്രൂപ്പിൽ ആരും നിക്ഷേപകരായിട്ടില്ലെന്നും ‘സീറോ ഇൻവെസ്റ്റ്‌മെന്റ്’ രീതിയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പക്കൽ ആരെങ്കിലും പണം നിക്ഷേപിച്ചതായി രേഖകളുമായി വന്നാൽ അതിന്റെ ഇരട്ടിയായി തിരിച്ചുനൽകാൻ തയ്യാറാണെന്നും ടി.എ. ജോസഫ് പറഞ്ഞു. ഉപഭോക്താക്കൾ ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലും ബെംഗളൂരുവിലുമുള്ള എല്ലാ പ്രോജക്റ്റുകളുടെയും ജോലികൾ പുനരാരംഭിച്ചതായും എംഡി അറിയിച്ചു. ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകും. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങൾ പറയരുതെന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശമുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. മുഖ്യധാരാ മാധ്യമങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
The post റോയിയുടെ മരണം ഉൾക്കൊള്ളാനാകുന്നില്ല: ടി എ ജോസഫ് appeared first on Express Kerala.


