
കൊളംബോയിൽ നടന്ന ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ ഒമാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി സിംബാബ്‌വെ തകർപ്പൻ തുടക്കം കുറിച്ചു. ഒമാൻ ഉയർത്തിയ 104 റൺസ് എന്ന ചെറിയ വിജയലക്ഷ്യം വെറും 13.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സിംബാബ്‌വെ മറികടന്നു. 48 റൺസെടുത്ത് പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റും 31 റൺസ് നേടിയ ബ്രണ്ടൻ ടെയ്‌ലറുമാണ് സിംബാബ്‌വെയുടെ വിജയം അനായാസമാക്കിയത്.
നേരത്തെ ടോസ് നേടി ഒമാനെ ബാറ്റിങ്ങിനയച്ച സിംബാബ്‌വെയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. ബ്ലെസ്സിംഗ് മുസരബാനിയും റിച്ചാർഡ് എൻഗാരവയും ഒമാൻ ബാറ്റിങ് നിരയെ തുടക്കത്തിൽ തന്നെ തകർത്തു. ഒരു ഘട്ടത്തിൽ 16 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ പതറിയ ഒമാനെ വിനായക് ശുക്ലയും മെഹ്‌മൂദും ചേർന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും റിച്ചാർഡ് എൻഗാരവയുടെ ബൗളിങ് മികവിൽ ആ കൂട്ടുകെട്ട് തകർന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ ഒമാൻ അവസാന ഓവറിൽ 103 റൺസിന് പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് മരുമാനി (21), ഡിയോൻ മിയേർസ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ബ്രയാൻ ബെന്നറ്റിന്റെ തകർപ്പൻ ബാറ്റിങ് ടീമിനെ വേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചു. പരിക്കേറ്റ് ക്രീസ് വിടേണ്ടി വന്ന ബ്രണ്ടൻ ടെയ്‌ലറുടെ ബാറ്റിങ്ങും സിംബാബ്‌വെയ്ക്ക് കരുത്തായി.
The post ഒമാനെ എട്ട് വിക്കറ്റിന് തകർത്തു; ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വിജയത്തുടക്കം appeared first on Express Kerala.


