
ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വഴിത്തിരിവായി നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനാണ് അടുത്ത ആഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. സ്വർണക്കൊള്ളയിലൂടെ പ്രതികൾ സമ്പാദിച്ച പണം എങ്ങനെയൊക്കെ വിനിയോഗിക്കപ്പെട്ടു എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പുനർനിർമ്മിക്കുന്ന വേളയിൽ, ഇവ വിവിധയിടങ്ങളിൽ എത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പൂജകൾ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പ്രതി പലരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ചെന്നൈയിലെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ ഈ വസ്തുക്കൾ തന്റെ വീട്ടിൽ കൊണ്ടുവന്ന് പൂജ നടത്തിയിട്ടുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Also Read:കൊടിമര ക്രമക്കേട്! അന്വേഷണ സംഘത്തെ വിജിലൻസ് ഇന്ന് പ്രഖ്യാപിക്കും
നിലവിൽ എസ്ഐടിയുടെ പ്രതിപ്പട്ടികയിലില്ലാത്ത ഒൻപത് പേരുൾപ്പെടെ ആകെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇവർക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്നും ഇതിലൂടെ നിയമവിരുദ്ധമായ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.
The post ശബരിമല സ്വർണക്കൊള്ള! നടൻ ജയറാമിന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകണം appeared first on Express Kerala.




