
ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സ്വർണ്ണമിടപാട് വിവാദങ്ങളിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്ന അറ്റകുറ്റപ്പണികളുടെ കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ടെന്നും, ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണത്തിന്റെ കണക്കിൽ യാതൊരു വീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 412 ഗ്രാം സ്വർണം അധികമായി ലഭിക്കുകയാണ് ചെയ്തതെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ എറണാകുളത്ത് എത്തുമ്പോൾ തന്നെയൊന്ന് ചോദ്യം ചെയ്യാനാണ് നീക്കമെന്ന് ഒരു സിപിഐഎം നേതാവ് തന്നെ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം നീക്കങ്ങളെയോ അറസ്റ്റിനെയോ ഭയക്കുന്നില്ലെന്നും, സ്വർണ്ണക്കൊള്ളയിൽ യുഡിഎഫിന് പങ്കുണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read:നിയമസഭാ തെരഞ്ഞെടുപ്പ് അരികിൽ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി കേരളം
എന്നാൽ, ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഗൗരവകരമായ ചില സൂചനകളാണ് നൽകുന്നത്. കൊടിമരത്തിൽ പൂശാനായി വാങ്ങിയ 9.16 കിലോ സ്വർണ്ണത്തിൽ, പണി കഴിഞ്ഞ് മിച്ചം വന്ന 233 ഗ്രാം സ്വർണ്ണം എവിടെ പോയി എന്നതിനെക്കുറിച്ച് നിലവിൽ കൃത്യമായ കണക്കുകളില്ല. കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള നടന്നോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി അന്വേഷണം ഊർജിതമാക്കാനാണ് സാധ്യത.
The post ശബരിമല കൊടിമര നിർമാണം! അന്വേഷണത്തെ സ്വാഗതം ചെയ്ത് അജയ് തറയിൽ; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം appeared first on Express Kerala.


