
മാനന്തവാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗയാത്ര’യ്ക്ക് ആശംസകൾ നേർന്ന് മാനന്തവാടി നഗരസഭയുടെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത് വൻ വിവാദത്തിലേക്ക്. യാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മാനന്തവാടി നഗരത്തിലുടനീളം സ്ഥാപിച്ച ഫ്ലെക്സുകളിൽ ‘ആശംസകളോടെ മാനന്തവാടി നഗരസഭ’ എന്ന് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു രാഷ്ട്രീയ മുന്നണിയുടെ പരിപാടിക്ക് ഭരണഘടനാ സ്ഥാപനമായ നഗരസഭയുടെ പേര് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയതോടെ നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
Also Read: പഠനം നേരത്തെ തുടങ്ങാം; പുസ്തകങ്ങൾ ഫെബ്രുവരിയിൽ തന്നെ വിദ്യാർത്ഥികളിലേക്ക്
യുഡിഎഫ് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയുടെ ബോർഡുകളിൽ നഗരസഭയുടെ പേര് നിയമവിരുദ്ധമായി ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണോ ഇത്തരം ഫ്ലെക്സുകൾ സ്ഥാപിച്ചതെന്ന് അന്വേഷിക്കണമെന്നും പേര് ദുരുപയോഗം ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ നഗരസഭയുടെ പേര് എഴുതിയ ഭാഗത്ത് ‘യുഡിഎഫ് കൗൺസിലർമാർ’ എന്ന് പിന്നീട് തിരുത്തി എഴുതിച്ചേർത്ത് താൽക്കാലികമായി തടിയൂരാൻ അധികൃതർ ശ്രമിച്ചു.
കെ.ആർ. ജിതിൻ, വി.ബി. ബബീഷ്, കെ. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനൊടുവിൽ സെക്രട്ടറി രേഖാമൂലമുള്ള പരാതി സ്വീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ പോലീസിലും പരാതി നൽകിയിട്ടുണ്ട്. നഗരസഭയുടെ പൊതു സംവിധാനങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എന്നാൽ കൗൺസിലർമാരുടെ വ്യക്തിപരമായ താല്പര്യപ്രകാരം വെച്ച ബോർഡുകളിൽ നഗരസഭയുടെ പേര് വന്നതിൽ സാങ്കേതികമായ പിശക് മാത്രമാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിശദീകരണം.
The post സതീശന്റെ യാത്രയ്ക്ക് നഗരസഭയുടെ ‘ആശംസ’; മാനന്തവാടിയിൽ ഫ്ലെക്സ് വിവാദം, പ്രതിഷേധവുമായി ഡിവൈഎഫ്ഐ appeared first on Express Kerala.




