loader image
പാലായിൽ ജോസ് കെ. മാണി തന്നെ; സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് റോഷി അഗസ്റ്റിൻ, പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

പാലായിൽ ജോസ് കെ. മാണി തന്നെ; സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് റോഷി അഗസ്റ്റിൻ, പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

പാലാ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജോസ് കെ. മാണി തന്നെയായിരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. ഇത്തവണ മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അക്കാര്യം പാർട്ടി തീരുമാനിക്കും’ എന്ന് ജോസ് കെ. മാണി മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് റോഷി അഗസ്റ്റിന്റെ ഇടപെടൽ.

Also Read: സതീശന്റെ യാത്രയ്ക്ക് നഗരസഭയുടെ ‘ആശംസ’; മാനന്തവാടിയിൽ ഫ്ലെക്സ് വിവാദം, പ്രതിഷേധവുമായി ഡിവൈഎഫ്ഐ

“പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും, അതിൽ എന്ത് സംശയമാണ്” എന്നായിരുന്നു റോഷിയുടെ പ്രതികരണം. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്നും എല്ലാ മേഖലകളിലും സജീവമായി ഇറങ്ങി വലിയ വിജയം നേടുമെന്നും റോഷി ഉറപ്പിച്ചു പറഞ്ഞു. എന്നാൽ റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കുമെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസ് കെ. മാണി ആവർത്തിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്. നിലവിലെ എം.എൽ.എ മാണി സി. കാപ്പന്റെ പ്രവർത്തനങ്ങളെയും മണ്ഡലത്തിലെ വികസന മുരടിപ്പിനെയും ജോസ് കെ. മാണി കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി വിമർശിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം തനിക്ക് അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. മണ്ഡലത്തിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായാണ് വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റോഷി അഗസ്റ്റിന്റെ പരസ്യ പ്രഖ്യാപനത്തോടെ പാലാ വീണ്ടും രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടിലേക്ക് നീങ്ങുകയാണ്.

See also  “സച്ചിദാനന്ദന്റേത് വസ്തുതാവിരുദ്ധം, ആന്റോ ആന്റണി മറുപടി പറയണം”; ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി

The post പാലായിൽ ജോസ് കെ. മാണി തന്നെ; സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് റോഷി അഗസ്റ്റിൻ, പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി appeared first on Express Kerala.

Spread the love

New Report

Close