കോന്തിപുലത്ത് സ്ഥിരം തടയണയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 12.21 കോടി രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട : കോന്തിപുലത്ത് കെ.എൽ.ഡി.സി കനാലിനു കുറുകെ സ്ഥിരം തടയണയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. കോൾ കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈൻ ആയി നിർവഹിച്ചു. കോന്തിപുലം പാലത്തിന് സമീപത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. മന്ത്രി ആർ. ബിന്ദു ശിലാഫലകം അനാഛാദനം ചെയ്തു.
കോന്തിപുലം പാലത്തിനു കീഴെ ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന താത്കാലിക ബണ്ടിന് പകരം സ്ഥിരം സംവിധാനമായാണ് 12.21 കോടി രൂപ ചെലവിട്ട് സ്ഥിരംതടയണ നിർമ്മിക്കുന്നത്. ജില്ലയിലെ കോൾമേഖലയിലെ പൊറത്തിശ്ശേരി, മുരിയാട്, പറപ്പൂക്കര, ആളൂർ, വേളൂക്കര കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന 1287 ഹെക്ടർ നെൽകൃഷിയ്ക്ക് ആവശ്യമായ ജലം മുടക്കമില്ലാതെ എത്തിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
915 ലക്ഷം രൂപയുടെ സിവിൽ പ്രവൃത്തികളും, 291 ലക്ഷം രൂപയുടെ മെക്കാനിക്കൽ പ്രവൃത്തികളും, 15 ലക്ഷം രൂപയുടെ ഇലക്‌ട്രിക്കൽ പ്രവൃത്തികളും ചേർന്നതാണ് ജലസേചന വകുപ്പു വഴി നടപ്പാക്കുന്ന ഈ പദ്ധതി. ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി. സിനി റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമൻ,ഷീജ ഉണ്ണികൃഷ്ണൻ, ബീന സുരേന്ദ്രൻ, വാർഡ് മെമ്പർ എ. എം ജോൺസൺ, വാർഡ് കൗൺസിലർ ടി.കെ ഷാജു, മുരിയാട് കായൽ നെൽ കർഷകസമിതി സെക്രട്ടറി സി.എ ആന്റോ, ഇറിഗേഷൻ സെൻട്രൽ സർക്കിൾ തൃശൂർ സൂപ്രണ്ടിങ് എൻജിനീയർ ബിനു ബേബി, ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂഹി സിംഗ്, വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

