
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത തരംഗമായി മാറിയ ‘ഭ്രമയുഗം’ ലോസ് ആഞ്ചലസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. അക്കാദമി മ്യൂസിയത്തിന്റെ ‘വേർ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ (Where the Forest Meets the Sea) എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഭ്രമയുഗത്തിന് സ്വന്തമായി.
ഫെബ്രുവരി 12-ന് രാത്രി 7.30-ന് അക്കാദമി മ്യൂസിയത്തിലെ ടെഡ് മാൻ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. ലെറ്റർബോക്സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗം രണ്ടാമതെത്തിയിരുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്‌സിൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് പാഠ്യവിഷയമായി മാറിയിരുന്നു. മികച്ച നടൻ ഉൾപ്പെടെ നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഭ്രമയുഗം സ്വന്തമാക്കിയിട്ടുണ്ട്.
Also Read: സിറ്റികളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ; ബിടിഎസ് വമ്പൻ തിരിച്ചുവരവിനൊരുങ്ങുന്നോ? ആവേശത്തിൽ ആർമി!
50 കോടിയിലധികം രൂപ ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കി. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമൽദ ലിസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചത്. മലയാള സിനിമയുടെ ക്രാഫ്റ്റും മമ്മൂട്ടി എന്ന നടന്റെ അസാമാന്യ പ്രകടനവും അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചയാകുന്നത് സിനിമ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. ഇന്ത്യയിൽ തരംഗം സൃഷ്‌ടിച്ച ചിത്രം ഇനി അമേരിക്കയിലും ഒരു കോളിളക്കം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
The post “കൊടുമൺ പോറ്റി” ഹോളിവുഡിലേക്ക്! ലോസ് ആഞ്ചലസിലും ഇനി ‘ഭ്രമയുഗം’ appeared first on Express Kerala.


