
വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. ഗാനം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം. പത്മ പുരസ്കാര ചടങ്ങുകൾ, രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ എന്നിവടങ്ങളിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിനിമാ തിയേറ്ററുകളിലും ഗാനം വേണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അവിടെ എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമല്ല. വന്ദേമാതരത്തെ ഏതെങ്കിലും തരത്തിൽ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
വന്ദേമാതരത്തിന്റെ വരികൾ വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ തീരുമാനം. കോൺഗ്രസ് മുൻപ് വന്ദേമാതരത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയത് മുസ്‌ലിം പ്രീണനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ആരോപിച്ചിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള ചർച്ചയിൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. ചരിത്രപരമായ തെറ്റുകൾ തിരുത്താനാണ് മുഴുവൻ വരികളും ഉൾപ്പെടുത്തിയുള്ള പുതിയ നിയമമെന്നാണ് കേന്ദ്ര നിലപാട്.
Also Read: മുഖ്യമന്ത്രി പദത്തെച്ചൊല്ലി പരസ്യപ്രസ്താവന വേണ്ട! നേതാക്കൾക്ക് മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
1937-ൽ മുഹമ്മദ് അലി ജിന്നയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നെഹ്‌റു വന്ദേമാതരത്തെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജിന്നയുടെ നിലപാടിനോട് യോജിച്ചുകൊണ്ട് നെഹ്‌റു സുഭാഷ് ചന്ദ്രബോസിന് കത്തെഴുതിയെന്നും, ഇത് പിന്നീട് രാജ്യത്തിന്റെ വിഭജനത്തിലേക്കാണ് നയിച്ചതെന്നും മോദി ആരോപിച്ചു. കോൺഗ്രസ് വിഭജിച്ച വരികൾ പുനഃസ്ഥാപിച്ച് ദേശീയ ഗാനത്തിന് നൽകുന്ന അതേ ഗൗരവത്തോടെയും ആദരവോടെയും വന്ദേമാതരം ഇനി മുതൽ രാജ്യത്തുടനീളം ആലപിക്കപ്പെടും.
The post വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി! ഔദ്യോഗിക ചടങ്ങുകളിൽ ഇനി നിർബന്ധം appeared first on Express Kerala.


