
ഡൽഹി: ഡൽഹി പീരാഗഢി ഫ്‌ലൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബാബ എന്നറിയപ്പെടുന്ന കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പീരാഗഢി ഫ്‌ലൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. 76 വയസ്സുള്ള പുരുഷനും 47 കാരനായ വസ്തു ഇപാടുകാരനും 40 വയസ്സ് പ്രായമുള്ള സ്ത്രീയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. താന്ത്രിക ക്രിയകളിലൂടെ പെട്ടെന്ന് ധനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് കമറുദ്ദീൻ ഇരകളെ ആകർഷിച്ചിരുന്നത്. ഇവർക്ക് വിഷം കലർത്തിയ ലഡു നൽകി കൊലപ്പെടുത്തിയ ശേഷം പണവും ആഭരണങ്ങളും കവരുകയാണ് ഇയാളുടെ പതിവ് രീതി. കൊല്ലപ്പെട്ടവർക്കൊപ്പം കാറിൽ യാത്ര ചെയ്ത കമറുദ്ദീൻ, അവർക്ക് മദ്യവും ലഡുവും കഴിക്കാൻ നൽകി. ലഡു കഴിച്ചതോടെ മൂവരും അബോധാവസ്ഥയിലായെന്നും, ഉടൻ പണവുമായി താൻ കടന്നുകളയുകയായിരുന്നു എന്നും പൊലീസിനോട് സമ്മതിച്ചു. ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
The post ലഡുവിൽ വിഷം ചേർത്ത് കൊലപാതകം; ഡൽഹിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ appeared first on Express Kerala.


