loader image
യു.ഡി.എഫ് വന്നാൽ അഴിമതിക്കാരെ പൂട്ടും, ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നും ചെന്നിത്തല

യു.ഡി.എഫ് വന്നാൽ അഴിമതിക്കാരെ പൂട്ടും, ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നും ചെന്നിത്തല

ബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് എന്തെങ്കിലും പ്രത്യേക അജണ്ടയുള്ളതായി തോന്നുന്നില്ലന്നും, എന്നാൽ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദ്ദമുണ്ടെന്നും കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഴിമതിക്ക് എതിരെ ശക്തമായ നടപടി എടുക്കും. ശബരിമല സ്വർണ്ണ കൊള്ള കേസിലെ കുറ്റക്കാരെ തുറങ്കിലടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം വായിക്കുക.

ഇതെല്ലാം പറയുമ്പോഴും ഈ സ്മാർട്ട് സിറ്റി അടക്കമുള്ള പദ്ധതികൾ അത് ഫലപ്രദമായി നടപ്പാക്കാനോ അതിനൊരു തുടർച്ചയുണ്ടാക്കാൻ കഴിയാതെ പോയതും യുഡിഎഫ് ഭരണകാലത്തെ ഒരു പോരായ്മ അല്ലെ?

അല്ല സ്മാർട്ട്‌ സിറ്റി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി ജയിലിൽ ഇരുന്നിട്ടാണ് എന്നാണ് അച്യുതാനന്ദൻ പറഞ്ഞത്. സ്മാർട്ട്‌ സിറ്റി ഞങ്ങൾ തുടങ്ങിയതാണ്. പക്ഷെ അതിന് കേരളത്തിലെ ഇന്നത്തെ മുഖ്യമന്ത്രി ഒരു മീറ്റിംഗിന് പോലും കഴിഞ്ഞ പത്തുവർഷം കൂടിയിട്ടില്ല. പിന്നെ എങ്ങനെ മുന്നോട്ട് പോവും. ആ സ്ഥലം വെറുതെ കിടക്കുകയാണ്.

ഭരണപക്ഷം എന്ത് പദ്ധതി കൊണ്ട് വന്നാലും അത് പ്രതിപക്ഷം എതിർക്കുന്നു, പ്രതിപക്ഷം എന്ത് നിർദേശങ്ങൾ മുന്നോട്ട് വെച്ചാലും അത് ഭരണപക്ഷവും കേൾക്കാതെ ഇരിക്കുന്നും. ചുരുക്കത്തിൽ ആ അഞ്ച് വർഷം ഏത് പാർട്ടിയാണോ ഭരിക്കുന്നത്, ആ പാർട്ടിയുടെ നയത്തിനും ഇങ്കിതത്തിനും മാത്രം ഭൂരിപക്ഷ ജനത അവരുടെ താല്പര്യം മാത്രം കണ്ട് അനുഭവിക്കണം. ആ തരത്തിലുള്ള രാഷ്ട്രീയ ആദ്യം പറയേണ്ട സാഹചര്യം അനിവാര്യമല്ലേ?

നൂറു ശതമാനം, ഞാൻ അംഗീകരിക്കുന്നു. നമ്മൾ മറ്റ് സംസ്ഥാനങ്ങളെ നോക്കുക, വികസനം വരുന്ന കാര്യത്തിൽ എല്ലാം അവർ ഒന്നിച്ചാണ്, ഒറ്റക്കെട്ടാണ്. അവർ ആരും വികസനത്തെ എതിർക്കുന്നില്ല.

ഒരു രാഷ്ട്രീയ അതിപ്രസരം ഉണ്ടോ ഈ കാര്യത്തിൽ?

തീർച്ചയായിട്ടും ഉണ്ട്. നാടിന്റെ വികസത്തിന് വേണ്ടി പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ചു നിൽക്കണം. ഞാൻ ഒരു നടന്ന കഥപറയാം, അന്ന് ഞാൻ കെ പി സി സി പ്രസിഡന്റ്‌, പിണറായി വിജയൻ പാർട്ടി സെക്രട്ടറി ഞങ്ങൾ തിരുവനന്തപുരത്ത് വൈഎംസിഎയുടെ ഒരു പരിപാടിക്ക് പോയി, മാർത്തോമ മഹാസഭയുടെ പരമാധ്യക്ഷൻ ക്രിസോസ്റ്റം തിരുമേനി അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരെ കൂടെ കണ്ടപ്പോൾ അദ്ദേഹം ഒരു തമാശ പറഞ്ഞു. ആ രണ്ട് പേരും വന്നല്ലോ ഇരിക്ക് ഇരിക്ക്. എന്നോട് ചോദിച്ചു, നിങ്ങൾ രണ്ട് പേരും വിചാരിച്ചാൽ ഈ കേരളത്തിലെ റോഡ് ഒന്ന് നന്നാക്കാവോ? ഞങ്ങൾ വിദേശത്ത് ഒക്കെ പോവുമ്പോൾ എത്ര വലിയ റോഡുകളാണ് അവിടെ. ഇവിടെ മനുഷ്യർക്ക് സഞ്ചരിക്കാൻ പറ്റോ…എനിക്ക് എത്ര വയസായി. എന്നെ പോലെ ഒരാൾക്ക് കാറിലൂടെ യാത്ര ചെയ്യാൻ വയ്യ. ഹൈവേക്ക് വേണ്ടി നിങ്ങൾക്ക് ഒരുമിച്ച് നിക്കാമോ?: അദ്ദേഹം ചോദിച്ചു. പിന്നീട് ആ യോഗം കഴിഞ്ഞ അവിടെ തർക്കമായിരുന്നു, 30 മീറ്റർ വേണോ, 45 മീറ്റർ വേണോ. പിന്നെ ഞങ്ങൾ രണ്ട് പേരും കൂടെ തീരുമാനിച്ചു, നമുക്ക് ഒരു ഓൾ പാർട്ടി മീറ്റിംഗ് വിളിക്കാമെന്ന്. അന്ന് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി പ്രതിപക്ഷമാണ്.

അപ്പോൾ ഞാൻ അത് പോലെ തന്നെ ഓൾ പാർട്ടി മീറ്റിംഗ് വിളിക്കാൻ മുഖ്യമന്ത്രിയോട് പാർട്ടി സെക്രട്ടറി മുഖേനെ ആവശ്യപ്പെട്ടു, വിളിച്ചു. ‘ആശാൻ’ 30 മീറ്ററിന്റെ ആളാ. ഉമ്മൻ ചാണ്ടിയും 30 മീറ്ററിന്റെ ആളാ. ഉമ്മൻ ചാണ്ടിക്ക് ആളുകളുടെ സ്ഥലം എടുക്കുന്നത് വലിയ വിഷമം ആയോണ്ട് അദ്ദേഹം എപ്പോഴും 30 മീറ്ററിന്ന് എന്ന നിലപാടിലാണ് ഉറച്ച് നിന്നത്. 30 മീറ്റർ ഇന്ത്യയിൽ ഒരിടത്തും ഇല്ല. പക്ഷെ ഞാൻ 45 മീറ്ററിൽ തന്നെ ഉറച്ച് നിന്നു. ഗോവയിൽ മാത്രമേ 30 മീറ്റർ ഉള്ളത്, അത് അവിടെ സ്ഥലം ഇല്ലാത്തതുകൊണ്ടാണ്. വീരേന്ദ്ര കുമാർ മാത്രമാണ് അതിനെ ശക്തമായി എതിർത്തത്. പിണറായി വിജയൻ മീറ്റിംഗിൽ പറഞ്ഞു 45 മീറ്റർ വേണം എന്ന് , അതിനെ പൂർണ്ണമായും ഞാൻ പിന്താങ്ങി.

ഉമ്മൻ ചാണ്ടിക്ക് അപ്പോഴും 30 മീറ്ററിൽ തന്നെ വേണമെന്നായിരുന്നു അഭിപ്രായം. അപ്പോൾ ഞാൻ പറഞ്ഞു പാർട്ടിയുടെ അഭിപ്രായമാണ് വലുതെന്ന്. അതേസമയം വി എം സുധീരന്റെ ഒരു കത്തുണ്ടെന്ന് അച്യുതാനന്ദൻ പറഞ്ഞു, എന്നാൽ അതൊന്നും ഇവിടെ വായിക്കണ്ട കാര്യം ഇല്ലയെന്നും പാർട്ടിയുടെ പ്രസിഡന്റ്‌ പറഞ്ഞാൽ മതിയെന്നുമാണ് പിണറായി പറഞ്ഞത്. എന്നാൽ അത് വായിച്ചപ്പോൾ 30 മീറ്റർ മതി എന്നാണ് വി എം സുധീരൻ കത്തിൽ എഴുതിയിരിക്കുന്നത്. അവസാനം ഞങ്ങൾ ആ യോഗത്തിൽ 45 മീറ്റർ വേണമെന്ന് തീരുമാനം എടുപ്പിച്ചു. അന്ന് ഞങ്ങൾ എടുത്ത ഒരു നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ് ഇന്ന് 45 മീറ്ററായി കേരളത്തിന്റെ ഹൈവേ പണിയുന്നത്.

ഈ രാഷ്ട്രീയ അതിപ്രസരവും ഒട്ടും അപ്ഡേറ്റഡ് അല്ലാത്ത രാഷ്ട്രീയ ചിന്താഗതിയുമാണ് ഒരുപക്ഷെ യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് താല്പര്യമില്ലാതാക്കുന്നതും, ഈ നാട് വിട്ട് പോവാൻ പോലും പ്രേരിപ്പിക്കുന്നതുമല്ലേ?

തീർച്ചയായിട്ടും, നമ്മുടെ കുട്ടികൾ ആയാലും ചെറുപ്പക്കാർ ആയാലും രാഷ്ട്രീയത്തിൽ വരുന്നില്ലലോ? അന്ന് കൊച്ചി മെട്രോയ്ക്ക് വേണ്ടി സ്ഥലം എടുക്കാൻ പറ്റില്ലായെന്ന് എല്ലാരും പറഞ്ഞു. പക്ഷെ നമ്മൾ സ്ഥലം എടുത്തില്ലേ? അവർ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ പണം കൊടുത്ത് നമ്മൾ എടുത്തു. അപ്പോൾ വികസനത്തിന്റെ കാര്യത്തിൽ ഭരണക്ഷി പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കി ഒരുമിച്ച് നിൽക്കണം. ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഞങ്ങൾ പ്രതിപക്ഷത്തെ കൂടി കോൺഫിഡൻസായിഎടുത്തുകൊണ്ട് കേരള വികസനത്തിന്‌ വേണ്ടി പ്രവർത്തിക്കും.

ഈ വികസന മുരടിപ്പും ഒപ്പം തന്നെ തൊഴിൽ മേഖലയിൽ ഇന്ന് യുവാക്കളുടെ കൊഴിഞ്ഞു പോക്കും ലഹരി മാഫിയ നാട് കയ്യടക്കുന്നതും മുതലായ പ്രശ്നങ്ങൾ ഭരണപരമായിട്ടും വികസനപരമായിട്ടും സാമൂഹ്യപരമായിട്ടും എല്ലാം സൂചിപ്പിക്കുമ്പോഴും, മൂന്നാം പിണറായി സർക്കാർ വരാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല. വെള്ളാപ്പള്ളിയടക്കം ഇതേ സർക്കാർ തന്നെ അധികാരത്തിൽ വരും എന്നല്ലേ പ്രവചിച്ചിരിക്കുന്നത്?

സ്വഭാവികമായിട്ടും അധികാരത്തിൽ ഇരിക്കുന്ന ഗവണ്മെന്റ് ഒരിക്കൽ കൂടി വരണമെന്ന് അവർ ആഗ്രഹിക്കില്ലേ? അവർ അതിനുള്ള പ്രചരണം നടത്തില്ലേ. അതിന് മുൻപ് ഞാൻ ഒരു കാര്യം പറയാം.

കേരളത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മേഖലയാണ് വാട്ടർ ട്രാൻസ്‌പോർട്. കോവളം മുതൽ കാസർകോട് വരെ ഏറ്റവും ഫലപ്രദമായി നമുക്ക് വേണ്ടത് ജലപാതയാണ്. എത്ര കാലമായി, ജലപാതയുടെ വികസനമൊന്നും ഇവിടെ നടക്കുന്നില്ലല്ലോ? ഏറ്റവും അവസാനം ഒരു പ്രശ്നം ഉണ്ടായത് എന്റെ മണ്ഡലത്തിലാണ്. ഞങ്ങളുടെ തൃക്കുന്നപ്പുഴ പാലം, അതിന് ഹൈയ്റ്റ് ഇല്ലായിരുന്നു. ആ പാലം പൊളിക്കാൻ ജനങ്ങൾക്ക് ഭയങ്കര എതിർപ്പായിരുന്നു. പക്ഷെ ഞാൻ തീരുമാനം എടുത്തിട്ട് അത് പൊളിച്ചു. പക്ഷെ പൊളിച്ചിട്ട് ഈ ഗവണ്മെന്റ് അത് പണിയുന്നില്ല. അതിന്‌ എതിരായിട്ട് ആളുകൾ എന്നെ പറയുന്നുണ്ട്. പക്ഷെ ഞാൻ പറഞ്ഞു വന്നത് ഈ ഒരു നാഷണൽ വാട്ടർവേ ശരിയായാൽ ഈ ചരക്കെല്ലാം അതിലൂടെ കൊണ്ടുപോയിക്കൂടെ. റോഡിലെ ട്രാഫിക് ഒഴിവാവില്ലേ? മാത്രമല്ല ജലപാത സ്വീകരിക്കുന്നത് ലാഭകരമാണ്. പെട്രോളിന്റെ അമിതമായ ഉപയോഗം കുറയും പൊലൂഷൻ കുറയും അപ്പോൾ എത്ര സാധ്യതകളാണ് ഈ മേഖലയിൽ ഉള്ളത്. ടൂറിസം മേഖല നോക്കിയാലും എത്ര സാധ്യതയാണ്. ഇന്ന് ഒരു പക്ഷെ കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ടോയ്ലറ്റ് പോലുമില്ല. സ്ത്രീകൾക്ക് യാത്ര ചെയ്ത് കഴിഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഇതൊക്കെയല്ലേ നമ്മൾ പ്രാഥമികമായി ചെയ്യേണ്ടത്. അപ്പോ ടൂറിസം വികസനവും ഐടി മേഖലയിലെ വികസനവും കേരളത്തിന്‌ അത്യന്താപേക്ഷിതമായ കാര്യമാണ്. അതിനൊന്നും ആരും ഇവിടെ എതിർക്കാൻ പോവുന്നില്ല.

അവർ അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. വെള്ളാപ്പള്ളിയൊക്കെ പ്രവചിക്കുകയാണ്. ഇതെല്ലം സമൂഹ സമുദായത്തിന് ഉണ്ടാക്കുന്ന ഇമ്പാക്ട് ചെറുതല്ല.

അദ്ദേഹം കുറെ നാളുകളായിട്ട് മൂന്നാം ഭരണം വരുമെന്നും പഞ്ചയാത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കില്ലയെന്നുമാണ് പറഞ്ഞത്. അതൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞില്ലേ.

വെള്ളാപ്പള്ളി അങ്ങനെ ഒരു പ്രസ്താവന നടത്തുന്നത് എസ്എൻഡിപിയുടെ പൈതൃകത്തിന് ഉചിതമാണോ?

അതിപ്പോൾ അദ്ദേഹം എന്ത് പറയണമെന്നുള്ളത് ഞാൻ പറയേണ്ട കാര്യമില്ലല്ലോ.

അദ്ദേഹം അങ്ങനെ ഒരു പ്രവചനം നടത്തിയത് ആ സമുദായത്തെ സ്വാധീനിക്കുന്നുണ്ടോ?

ഞാൻ പറയട്ടെ. ഓരോരുത്തർക്കും ഓരോരുത്തരുടേതായ അഭിപ്രായങ്ങൾ കാണും. അത് പറയുന്നത് കൊണ്ട് ഒരു തെറ്റില്ല. ഒന്നാമത് നമ്മുടേത് ജനാതിപത്യ രാജ്യമാണ്. പിന്നെ നമ്മൾ പറയുന്നതാണ് ജനങ്ങൾ മുഴുവൻ കേൾക്കുന്നത് എന്നുള്ള തെറ്റുധാരണ നമുക്ക് ആർക്കും ഉണ്ടാകാതെ ഇരുന്നാൽ മതി. രമേശ്‌ ചെന്നിത്തല പറയുന്നതാണ് ജനങ്ങൾ മുഴുവൻ കേൾക്കുന്നത് എന്ന ചിന്താഗതി ഇല്ലാതിരുന്നാൽ ഇരുന്നാമതി.

See also  തിയറ്ററിൽ ഇടറി, ഒടിടിയിൽ തിളങ്ങുമോ? നിവിൻ പോളിയുടെ ‘ബേബി ഗേൾ’ സ്ട്രീമിംഗ് ആരംഭിച്ചു!

വെള്ളപ്പള്ളിക്ക് ആ തെറ്റുധാരണ ഉണ്ടാവാൻ പാടില്ലേ.

അത് ഞാൻ പറഞ്ഞിട്ടില്ല.

അല്ല ഇത് പോലെ തന്നെ അല്ലേ, ഈ വർഗീയ സമുദായിക ശക്തികൾ അവരുടെ സമ്മർദ്ദം. ഈ ടോക്ക് എല്ലാം വരുന്നത് ഇലക്ഷൻ അടുക്കുന്ന ഘട്ടത്തിൽ മാത്രമാണ്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടും സമസ്തയുമായി ബന്ധപ്പെട്ടുമെല്ലാം പ്രതിപക്ഷ നേതാവിന്റെ കോട്ടിങ് വലിയ ചർച്ച ആവുകയും സമസ്തയെ തള്ളിപ്പറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഈ ഇലക്ഷൻ അടുക്കുന്ന കാര്യത്തിൽ വർഗീയ പരാമർശങ്ങൾ ഉയർത്തികൊണ്ട് വരുന്നതിന് പിന്നിലുള്ള അജണ്ട എന്താണ്?

നമ്മുടേത് ഒരു മതേതര രാഷ്ട്രമാണ്. അതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഞാനൊരു മതേതര വാദിയാണ്. എന്റെ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഞാൻ ആ നിലപാട് എടുക്കാറുണ്ട്. ഇവിടെ വേണ്ടത് മതങ്ങൾ തമ്മിലുള്ള സ്പർദയോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും അല്ല. അവർ എല്ലാവരും ഈ സമൂഹത്തിലെ യാഥാർഥ്യങ്ങളാണ്. അവരെ എല്ലാവരേയും ഉൾക്കൊണ്ടുപോവുകയും ഇതരമതങ്ങളുമായി നല്ല സൗഹൃദത്തിൽ പോവുകയും വേണം. അവരവരുടെ താല്പര്യം സംരക്ഷിക്കുകയും അതോടൊപ്പം തന്നെ മറ്റുള്ളവരുടെ താല്പര്യം ഹനിക്കാത്തവിധത്തിൽ പ്രവർത്തിക്കുമ്പോഴുമാണ് മതേതരത്വം യഥാർഥ്യമാകുന്നത്.

തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെല്ലാം കോൺഗ്രസ്സും യുഡിഎഫും മതേതരത്വം പറയുകയും, അധികാരത്തിൽ എത്തിയ ശേഷം പിന്നീട് ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയും ചെയ്യുന്ന പല ഘട്ടങ്ങളും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്, അത് ഇനി ആവർത്തിക്കില്ല എന്ന് പറയാൻ കഴിയുമോ?

അത് വെറുതെ പറയുന്നതാണ്. ലീഗ് കൂടുതൽ സീറ്റ്‌ ചോദിക്കുന്നു എന്ന് ഇപ്പോ തന്നെ പ്രചരണം ഉണ്ടായി. ഞാനും ചർച്ചയിൽ ഉള്ള ആളാണ്. ലീഗ് ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല. ഇതൊക്കെ വെറുതെ പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ്. ഇതിന്റെ പിന്നിലും ഒരു രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളത്.

താങ്കൾ കെപിസിസി പ്രസിഡന്റ്‌ ആയിരുന്ന ഘട്ടത്തിൽ പോലും പ്രസംഗത്തിൽ അങ്ങനെ സൂചിപ്പിച്ച സാഹചര്യം ഉണ്ട്.

അത് ഒരു അനുസ്മരണ സമ്മേളത്തിൽ ഞാൻ പറഞ്ഞതാണ്. യുഡിഫ് എന്ന് പറയുന്ന എല്ലാ കക്ഷികളും ഇതിനകത്ത് ഉള്ളതാണ്.

അങ്ങനെ ഒരു പൊതുധാരണ മറ്റ് സമുദായങ്ങൾക്കും പ്രത്യേകിച്ച് ഹിന്ദു, ക്രൈസ്തവ സമുദായങ്ങൾക്ക് ഉണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ആയിരിക്കുമോ ഭരിക്കുക?

അത് തെറ്റുധാരണയാണ് അങ്ങനെ ഉണ്ടാവില്ല. യഥാർത്ഥത്തിൽ ലീഗ് മതേതര നിലപാടുകൾക്ക് വളരെ ഗുണകരമായി പ്രവർത്തിക്കുന്നവരാണ്. ഒരു ക്യാബിനേറ്റോ ഇഷ്യൂവോ ഒക്കെ വരുമ്പോൾ കുഞ്ഞാലിക്കുട്ടിയൊക്കെ നല്ല മതേതര നിലപാടാണ് എടുക്കാറുള്ളത്.

അപ്പോ ലീഗിന്റെ ബാഹ്യമായ സമ്മർദ്ദം ഒരു ഘട്ടത്തിലും യുഡിഎഫിനെ ബാധിക്കില്ല?

ഈ പറഞ്ഞത് സമ്മർദ്ദം അല്ലല്ലോ. ഞാൻ ഒരു ഉദാഹരണമാണ് പറഞ്ഞത്. 27 സീറ്റിൽ കൂടുതൽ വേണമെന്ന് അവർ ആവശ്യപ്പെടും എന്ന വാർത്തകൾ പുറത്തുവന്നല്ലോ. ഇത് കുഞ്ഞാലിക്കുട്ടി നിഷേധിച്ച കാര്യമല്ലേ? അപ്പോൾ ഇതൊരു പ്രകടനമാണ്. അത് വേറെ ഒരു ലക്ഷ്യത്തോടെയാണ് എന്ന് അറിയാമല്ലോ.

മദ്യകേരളത്തിൽ വളരെ രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്ന ക്രൈസ്തവ വിഭാഗം കേരള കോൺഗ്രസ് വിഭജിച്ചതിന് ശേഷം മാണി വിഭാഗം, അവർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് തൊട്ട് യുഡിഎഫിൽനിന്നും വിട്ടുനിന്നിരുന്നു. ഇതൊരു തിരിച്ചടിയായിട്ടില്ലേ?

ഒരു ഘടക കക്ഷി മാറി പോവുമ്പോൾ സ്വാഭാവികമായിട്ടും അല്പസ്വല്പം തിരിച്ചടി വരുമല്ലോ? അവർ വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചത് ശരിയാണ്. പക്ഷെ അവർ വന്നില്ല. എന്നാൽ ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പോടുകൂടി ആ ആശങ്ക ഇല്ലാതായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ഈ മേഖലകളിൽ യുഡിഎഫ് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. അതൊരു സൂചനയാണ്. ആരും ഇല്ലെങ്കിലും നമുക്ക് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയും എന്ന ഒരു ഉദാഹഹരമാണ് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഉണ്ടായത്.

ചെറിയ ഘടക കക്ഷികളുടെയൊന്നും സീറ്റ്‌ തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നില്ലേ കോൺഗ്രസ്?

നമുക്ക് വിജയം ആണ് പ്രധാനം. ഭൂരിപക്ഷം കിട്ടണമല്ലോ.

അങ്ങനെ വരുമ്പോൾ ചില ഘടക കക്ഷികൾ കോൺഗ്രസ് വിടേണ്ടി വരും അല്ലേ?

അത് ഞങ്ങൾ പരസ്പരം ചർച്ച ചെയ്ത് ചില സീറ്റുകൾ തിരിച്ചു വാങ്ങേണ്ടി വരും. ചിലപ്പോൾ സ്ഥിരമായി കോൺഗ്രസ്‌ തോൽക്കുന്ന സീറ്റ്‌ വേറൊരു കക്ഷിക്ക് കൊടുത്താൽ അത് വിജയിക്കാൻ എന്നുണ്ടെങ്കിൽ അതിന് ഞങ്ങൾ തയ്യാറാണ്.

സിറ്റിംഗ് എംഎൽഎമാർ എല്ലാവരും കോൺഗ്രസിൽ മത്സരിക്കുമോ?

സിറ്റിംഗ് എംഎൽഎമാർ എല്ലാവരും ശക്തരായ ആളുകൾ തന്നെയാണ്. മത്സരിപ്പിക്കാണോ വേണ്ടയോ എന്ന് ഹൈകമാന്റാണ് തീരുമാനിക്കുക.

രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസിൽ ഇല്ലാത്തതുകൊണ്ട് അത് തീരുമാനിക്കേണ്ടതില്ലേ, അപ്പോൾ?

ഇല്ല.

രാഹുൽ സ്വതന്ത്രനായി മത്സരിച്ചാൽ ഉണ്ടാകുന്ന തിരിച്ചടി എന്തായിരിക്കും?

ആർക്കുവേണമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമല്ലോ?

സമാനമായ ആരോപണങ്ങളുള്ള മറ്റ് എംഎൽഎമാർ ഉണ്ടല്ലോ? എൽദോസ് കുന്നപ്പള്ളിയടക്കമുള്ള ആളുക്കൾ മത്സരിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട് ?

അതിനെപ്പറ്റിയെല്ലാം തീരുമാനിക്കേണ്ടത് ഹൈകമാൻഡാണ്.

ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ താങ്കളുടെ വ്യക്തിപരമായ അഭിപ്രായം എന്താണ്?. ഇത് മുന്നണിയെ ബാധിക്കുമോ?

എതിർ പാർട്ടിയിലുള്ള ആളുകൾ ഹൈകോടതി ജാമ്യം എടുത്തിരിക്കുന്നവരാണ്, അവരുടെ പേരിൽ ഒന്നും ആരും നടപടി എടുത്തിട്ടില്ലല്ലോ. ഞങ്ങളെയല്ലേ അവർ എടുത്തു കാണിച്ചത്.

അതൊരു ഇച്ഛാശക്തിയുള്ള നിലപാടായിരുന്നു, പക്ഷേ ഇത്തരം കാര്യങ്ങളിൽ കൂടി പരിഗണിക്കേണ്ടതില്ലേ?

ഇല്ല, കുന്നപള്ളിന്റെ കേസ് വ്യത്യസ്തമായ കേസാണ്. അത് കോടതി തന്നെ തള്ളിക്കളഞ്ഞു. അതിൽ പിന്നെ എന്ത് പ്രസക്തിയാണുള്ളത്.

എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി അധികാരത്തിൽ എത്തുക എന്നതാണോ?

വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടല്ല, നാടിന്റെ ആവശ്യത്തിന് വേണ്ടി യുഡിഎഫ് അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്. ഒന്ന് രണ്ട് എംഎൽഎമാരെ മാറ്റിനിർത്തി പുതിയ ആളുകളെ കൊണ്ടുവരണോ എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. നമ്മൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്തിനാണ് തോൽക്കാൻ അല്ലല്ലോ ജയിക്കാൻ അല്ലേ? അപ്പോൾ ജയത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക, പ്രഗൽഭരായ വ്യക്തികളെ കൊണ്ടുവരിക. ഞങ്ങളുടെ സ്ഥാനാർത്ഥി ലിസ്റ്റ് ഏറ്റവും മികച്ച സ്ഥാനാർത്ഥി ലിസ്റ്റ് ആയിരിക്കും.

കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിൽ അധികാരത്തിൽ ഇല്ല, കഴിഞ്ഞ 10 വർഷമായി കേരളത്തിൽ അധികാരത്തിലില്ല? ഇനിയും അധികാരം ലഭ്യമാകാതെ കോൺഗ്രസ്സിനും യുഡിഎഫിനും മുന്നോട്ടുപോകാൻ കഴിയില്ല എന്ന യാഥാർത്ഥ്യബോധം ഉണ്ടോ?

അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം. ബിജെപിക്ക് അധികാരമില്ലാതെ നിൽക്കാൻ പറ്റില്ല, ചീട്ടുകൊട്ടാരം പോലെ തകരും. പക്ഷേ കോൺഗ്രസ് അങ്ങനെയല്ല. അധികാരമില്ലെങ്കിലും കേരളത്തിലും ഇന്ത്യയിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ ജീവിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ബിജെപി ഇലക്ഷൻ മാത്രം നോക്കുന്നൊരു പാർട്ടിയാണ്. അവർക്ക് വേറെ ഒന്നും നോക്കേണ്ടതായിട്ടില്ല. കോൺഗ്രസ് ഈ നാടിന്റെയും ജനങ്ങളുടെയും സമൂഹത്തിന്റെയും ഒക്കെ കാര്യങ്ങൾ, മൂല്യങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും ബാധ്യതയുള്ളയൊരു പാർട്ടിയാണ്. അപ്പോൾ അതുകൊണ്ട് തന്നെ സ്ഥിതി മെച്ചപ്പെട്ടല്ലോ. 100 സീറ്റ് കിട്ടി, പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നു, ബിജെപിയുടെ വർഗീയതയെ തടഞ്ഞുനിർത്താൻ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന ദേശീയതലത്തിലെ പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു.

ദേശീയതലത്തിൽ പ്രവർത്തിച്ച നേതാവാണ് താങ്കൾ. വടക്കേ ഇന്ത്യയിൽ ചുമതലയുണ്ടായിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളൊട്ടാകെ ബിജെപി പിടിച്ചെടുക്കുകയും, മുൻ കോൺഗ്രസ് നേതാകളെല്ലാം ബിജെപി കൂടാരത്തിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അതാണ് മുൻകാലങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ കണ്ടിട്ടുള്ളത്. ഒരുപക്ഷേ അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ ബഹുഭൂരിപക്ഷം കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്ന സാഹചര്യമുണ്ടാകുമോ?

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളം. നേരുപ്പറഞ്ഞാൽ ഇവിടെ സിപിഎമ്മിൽ നിന്നാണ് ആളുകൾ ബിജെപിയിലേക്ക് പോകുന്നത്. ആറ്റിങ്ങൽ ആലപ്പുഴ തുടങ്ങിയ പാർലമെന്റ് മണ്ഡലങ്ങളിൽ നിന്ന് വൻതോതിലാണ് സിപിഎമ്മിന്റെ വോട്ടു പോയത്. ഇപ്പോഴും അവരുടെ നേതാക്കൾ പോയിക്കൊണ്ടിരിക്കുകയാണ്, ഞങ്ങൾ ആരും പോകാൻ പോകുന്നില്ല.

കോൺഗ്രസ് തോറ്റാലും താങ്കൾ ഉൾപ്പെടെ ഒരു നേതാവ് പോലും ബിജെപിയിൽ പോകില്ലേ?

കോൺഗ്രസ് തോക്കുന്ന പ്രശ്നമില്ലല്ലോ?

തോറ്റാൽ രമേശ് ചെന്നിത്തല അടക്കം കോൺഗ്രസിൽ നിൽക്കുമോ?

എന്റെ ശരീരത്തിലെ അവസാനശ്വാസം വരെയും ഈ പതാക തന്നെ ആയിരിക്കും ഉണ്ടാവുക.

മറ്റു നേതാക്കളുടെ കാര്യത്തിലും മാറ്റം ഉണ്ടാക്കുമോ?

ഒരു മാറ്റവും ഉണ്ടാകില്ല. ദേശീയതലത്തിൽ ഇത്രയും മാറ്റങ്ങൾ ഉണ്ടായിട്ട് കേരള കോൺഗ്രസിൽ നിന്ന് ആരാണ് പോയത്. എന്നാൽ സിപിഎമ്മിൽ നിന്നും ആളുകൾ പോയി. അൽഫോൻ കണ്ണന്താനം, രാജേന്ദ്രൻ എന്നിവരടക്കം എത്ര പേരാണ് പോയിക്കൊണ്ടിരിക്കുന്നത്.

എന്തൊക്കെ പറഞ്ഞാലും ബിജെപി കേരളത്തിൽ ഘട്ടംഘട്ടം വളരുന്നുണ്ട്. ഇപ്പോൾ കോർപ്പറേഷൻ ഭരണം പിടിച്ചു. ബിജെപിയുടെ വളർച്ച ബിജെപിയുടെ വോട്ട് ഷെയർ വർദ്ധിക്കുന്നത്, യുഡിഎഫിനാണോ എൽഡിഎഫിനാണോ തിരിച്ചടി ഉണ്ടാക്കുന്നത്?

പണ്ട് ആളുകളുടെ ധാരണ യുഡിഎഫിന് എന്നായിരുന്നു. ഇപ്പോ അത് മാറി. ഒരു ഘട്ടം വരെ യുഡിഎഫിനെ പറിച്ചു കൊണ്ടുപോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ നേരെ തിരിച്ചാണ്. എൽഡിഎഫിന്റെ വോട്ടാണ് പോകുന്നത്. എൽഡിഎഫിൽ നിന്ന് വലിയ ഭാഗം ബിജെപിയിലേക്ക് പോയിട്ടുണ്ട്.

See also  നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമം! വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിജെപി കേരളത്തിൽ വളരുന്നത്, എൽഡിഎഫിന് തിരിച്ചടിയും യുഡിഎഫിന് ഗുണകരവും ആകുന്നുവെന്നാണോ?

കേരളത്തിൽ ബിജെപി വളരാൻ പാടില്ല അത് സിപിഎം സ്വീകരിക്കുന്നത് തെറ്റായ രാഷ്ട്രീയമാണ്. അതാണ് ബിജെപിയെ വളർത്താൻ സഹായിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69 സീറ്റുകളിൽ, ബിജെപി സിപിഎം തമ്മിൽ ധാരണയായിരുന്നു. ഈ അന്തർധാര ഇവിടെ നിലനിൽക്കുകയാണ്. കാരണം മോദിക്ക് ആവശ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ ഇപ്പോൾ പിണറായി വിജയൻ നിന്നാൽ മോദിക്ക് ഒരു പ്രശ്നവുമില്ല. അതേസമയം കോൺഗ്രസ് വന്നാൽ അദ്ദേഹത്തിന് പ്രശ്നമുണ്ട്. അതുകൊണ്ട് കോൺഗ്രസ് തോൽക്കണം എന്നാണ് മോദിയുടെ ആഗ്രഹം.

കേരളത്തിലെ ബഹുഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ. പതിനായിരത്തിൽ താഴെ ഭൂരിപക്ഷവും അയ്യായിരത്തിന് മുകളിൽ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് കൂടുതൽ. ബിജെപി അയ്യായിരത്തിൽ കൂടുതൽ വോട്ട് മിക്ക മണ്ഡലങ്ങളിലും സ്കോർ ചെയ്യുമെന്ന് കാര്യത്തിൽ തർക്കവുമില്ല. അങ്ങനെ വന്നാൽ ഫലത്തിൽ എങ്ങനെയാണ് പ്രതിഫലിക്കുക?

പഴയ കാലഘട്ടമായിരുന്നെങ്കിൽ യുഡിഎഫിനെ ആയിരുന്നുവെങ്കിൽ ഇപ്പോൾ എൽഡിഎഫിനെ ആണ് ഇത് ബാധിച്ചു കൊണ്ടിരിക്കുന്നത്.

അങ്ങനെയാണെങ്കിൽ ബിജെപിയുടെ വളർച്ച എൽഡിഎഫിന് തിരിച്ചടിയാണോ?

അങ്ങനെ പറയുന്നില്ല, കാരണം അങ്ങനെ പറയാൻ പാടില്ല. എൽഡിഎഫിനെ തെരഞ്ഞെടുക്കുന്നതിനേക്കാൾ അപകടകരമാണ്, ബിജെപി വളർന്നാൽ. ഞങ്ങൾ ഇതിനകത്ത് ഒരു പൊളിറ്റിക്സ് ഉള്ളവരാണ്. അധികാരം കിട്ടാൻ വേണ്ടി ബിജെപിയുടെ സഹായം വാങ്ങുന്ന ഏർപ്പാട് ഞങ്ങൾക്കില്ല. അങ്ങനെ വാങ്ങിച്ചിട്ടുള്ളവർ ഇടതുപക്ഷമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യം ഞാൻ പറഞ്ഞല്ലോ, യുഡിഎഫിന് കിട്ടിയത് 40% വോട്ട്, എൽഡിഎഫിന് കിട്ടിയത് 44% വോട്ട്, 14% ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് 10% മായി കുറഞ്ഞു. ബാക്കി 4% ഷിഫ്റ്റ് ചെയ്തു. അത് ഇത്തവണയും ഉണ്ടാക്കാൻ കഴിയുമോ എന്നാണ് എൽഡിഎഫ് ചിന്തിക്കുന്നത്. അതിനാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത പ്രചരിപ്പിച്ചത്, എന്നിട്ടും പ്രയോജനം ഉണ്ടായില്ല. അപ്പോൾ അയ്യപ്പ സംഗമം നടത്തി ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാനാണ് ശ്രമിച്ചത്. മാറി മാറി വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും, രാഷ്ട്രിയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന പാർട്ടി സിപിഎം ആണ്.

ബിജെപിയുടെ ചെറിയതോതിലുള്ള വളർച്ചയാണെങ്കിൽ പോലും ന്യൂനപക്ഷം ഉണ്ടാക്കുന്ന ആശങ്കയുണ്ട് അവർക്ക് കോളനൈസേഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതും ആർക്കാണ് ഗുണം ചെയുക?

അത് കേരളത്തിന്‌ ഗുണം ചെയ്യില്ല. തെരഞ്ഞെടുപ്പ് വരും പോകും. നമ്മുടെ നാടിന്റെ മതേതരത്വത്തിനും മതനിരപേക്ഷതയ്ക്കും പോറൽ ഏൽക്കുന്നതാണ് ഇതെല്ലാം. ഭൂരിപക്ഷത്തിന്റെ വോട്ട് കിട്ടാൻ വേണ്ടി അവരെ പ്രീണിപ്പിക്കുന്നതും ന്യൂനപക്ഷത്തെയും തള്ളിക്കളയുന്നതും
സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അപകടകരമായ കാര്യമാണ്. ഇപ്പോൾ ന്യൂനപക്ഷത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷത്തിൻ്റെ കാര്യം സംസാരിക്കാത്തതുപോലും വലിയ അപകടം ചെയ്യും. തിരഞ്ഞെടുപ്പ് വരും പോവും, പക്ഷേ കേരളത്തിലെ മതേതരത്വവും മതന്യൂനപക്ഷ വിശ്വാസങ്ങളെയും തകർക്കാൻ പാടില്ല. ബിജെപി വരുന്നതാണ് അപകടം. അതും മനസ്സിലാക്കി പ്രവർത്തിച്ചാൽ മതി.

ഈ വിശ്വാസത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് നിലവിലെ ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിൽ അതിൽ പ്രത്യേകം അന്വേഷണസംഘത്തിന്‌ ഏതെങ്കിലും അജണ്ടയുണ്ടെന്ന് തോന്നുന്നുണ്ടോ?

അതേ അതേ തോന്നുന്നുണ്ട്.

ഈ അടൂർ പ്രകാശിനെ ചോദ്യം ചെയ്തില്ലേ?

ചോദ്യം ചെയ്തതുകൊണ്ട് കാര്യമൊന്നുമില്ല. ആരൊക്കെ ചോദ്യം ചെയ്യുന്നുണ്ട്.

ശബരിമല സ്പെഷ്യൽ ചാർജ് ഉള്ള പോലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിനെ ഉണ്ണികൃഷ്ണൻ പോറ്റി പോലീസ് ആസ്ഥാനത്ത് പോയി കണ്ടു പൊന്നട അണിയിക്കുന്ന സാഹചര്യമുണ്ടായി. അപ്പോൾ ആ ബന്ധങ്ങളെ ഒന്നും പുറത്തേക്ക് കൊണ്ടുവരാതിരുന്നില്ലേ?

നമ്മൾ ഒരു കാര്യം മനസ്സിലാക്കണം നമ്മളൊക്കെ എവിടേലും പോകുമ്പോൾ ആരെങ്കിലും ഫോട്ടോ എടുക്കും. ആരെല്ലാം നമ്മളെ മാല അണിയിക്കും. ഇതൊക്കെ ആരാണ് ശ്രദ്ധിക്കുന്നത്.

ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിൽ ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത് എന്നാണോ താങ്കളുടെ വീക്ഷണം?

ഒരു ഘട്ടം വരെ അങ്ങനെയാണ് പോകുന്നത്. പക്ഷേ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എസ്.ഐ.ടിയിൽ ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് ആ സംശയം അകറ്റത്തക്ക രീതിയിലുള്ള പ്രവർത്തനം അവർ കൊണ്ടുപോകണം. ഒന്നാമത്തെ കാര്യം നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയില്ലേ, എന്തുകൊണ്ട്? ഭാഗികമായ കുറ്റപത്രം കൊടുത്തു. പിന്നെ ഫർദർ ഇൻവെസ്റ്റിഗേഷൻ നടത്തി ഫൈനൽ കുറ്റപത്രം കൊടുക്കാമായിരുന്നു.

കുറ്റപത്രം കൊടുക്കാൻ വൈകിയോ?

അതിന് രണ്ടു കാര്യമാണ് പറയുന്നത്. ഞാനവരുടെ ഭാഗത്ത് തെറ്റ് പറയുന്നില്ല. ഒന്ന് പ്രോസിക്യൂഷന് അനുവാദം കൊടുക്കേണ്ടത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പുമാണ് അത് വൈകി. രണ്ടാമത്തെ കാര്യം കെമിക്കൽ അനാലിസിസ് നടത്തിയ റിപ്പോർട്ട് കിട്ടിയില്ല. അതും ആഭ്യന്തരവകുപ്പിന്റെ കീഴിലാണ്. ഇത് രണ്ടും ചെയ്യേണ്ട മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും അട ഇരിക്കുകയാണ്. അതുകൊണ്ടാണ് കുറ്റപത്രം കൊടുക്കാൻ കഴിയാതെ വന്നത്. ഇപ്പോൾ എല്ലാം പുറത്തു വന്നല്ലോ. പുറത്തുവന്ന ആളുകൾ ഇനിയും ഈ കേസിൽ സ്വാധീനിക്കാൻ ശ്രമിക്കില്ലാന്നു നമുക്ക് അറിയില്ലല്ലോ.

ഇന്നലെ താങ്കൾ പറഞ്ഞു തന്ത്രി അകത്തും മന്ത്രിമാർ പുറത്തുമാണെന്ന്. ഈ കാര്യത്തിൽ ശബരിമലകൊള്ള അടക്കമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ നിരവധി ആരോപണങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സ്വർണ്ണക്കോൾ അടക്കമുള്ള വിഷയങ്ങളിൽ. സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുമോ?

ശബരിമല കൊള്ളക്കാരുടെ കാര്യത്തിൽ നിശ്ചയമായും ഞങ്ങൾ ശക്തമായ നടപടിയെടുക്കും.

വിജിലൻസ് അന്വേഷണം ആണോ സിബിഐ അന്വേഷണം ആണോ?

അത് കാര്യങ്ങൾ പരിശോധിച്ചാൽ പറയാൻ പറ്റൂ. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ ഉള്ള എല്ലാ പഴുതകളും അടച്ചുകൊണ്ടുള്ള അന്വേഷണം ആയിരിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് മറ്റു നിരവധി ആരോപണങ്ങൾ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ ഫണ്ട്‌ വിവാദം, കോഴയടക്കമുള്ള കാര്യങ്ങളിൽ ഈ വിഷയങ്ങളെല്ലാം ഒരു പുകമറ സൃഷ്ടിക്കുന്ന പ്രതിപക്ഷ ആരോപണങ്ങൾക്കപ്പുറം സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരും എന്നാണോ?

അല്ല അത് പരിശോധിക്കണ്ടേ. അഴിമതിയോട് കോംപ്രമൈസ് ചെയ്യുന്ന ഒരു ഗവൺമെന്റ് ആയിരിക്കില്ല യുഡിഎഫ് ഗവണ്മെന്റ്. എല്ലാ കാര്യങ്ങളും പരിശോധിച്ചു ശക്തമായ നടപടി ഈ കാര്യത്തിൽ ഉണ്ടാവും.

അവസാനമായി സതീശന്റെ ഈ പുതുയുഗ യാത്രയിൽ എന്താണ് താങ്കളുടെ സാന്നിധ്യം?

ഞാൻ ഈ പന്ത്രണ്ടാം തീയതി കോഴിക്കോട് ഉണ്ട്. പിന്നെ ഞാൻ പത്ത് സ്ഥലങ്ങൾ പോകാൻ തീരുമാനിച്ചിട്ടുണ്ട്.

ഈ സമീപ ദിവസങ്ങളിൽ മുഖ്യമന്ത്രി ഇഷ്ടമല്ലാത്ത മീൻ നൽകിയതിന്റെ പേരിൽ എഴുന്നേറ്റ് പോകുന്ന സാഹചര്യമൊക്കെ ഉണ്ടായി. അത്തരം സാഹചര്യമൊക്കെ കോൺഗ്രസിന്റെ യാത്രയിൽ ശ്രദ്ധിക്കാറുണ്ടോ?

സി ദിവാകരൻ ഇതൊക്കെ തുറന്നുപറയുന്ന ആളാണ് അതുകൊണ്ട് പറഞ്ഞതാണ്. ഞാൻ പിന്നെ വെജിറ്റേറിയൻ ആയതുകൊണ്ട് എന്നെ ബാധിക്കുന്ന കാര്യമല്ല. മുഖ്യമന്ത്രി നല്ല മീൻ കഴിക്കുന്നതിന് നമുക്ക് എന്തിനാണ് എതിർപ്പ്. അദ്ദേഹം കഴിച്ചോട്ടെ ഞാൻ വെജിറ്റേറിയൻ ആണ്. ആരെങ്കിലും എന്നെ നിർബന്ധിക്കുമോ. നല്ല മീൻ അധികം കഴിക്കട്ടെന്നേ അതിനെന്താ കുഴപ്പം ഇവിടെ.

ഇത്രയും കാലം തിരഞ്ഞെടുപ്പിൽ ഫുൾടൈം കൂടെയുണ്ടായിരുന്ന, ദിശാബോധം നൽകിയ മാനസികവും രാഷ്ട്രീയവുമായി സപ്പോർട്ട് ചെയ്തിട്ടുള്ള ഉമ്മൻചാണ്ടിയും വ്യക്തിപരമായി താങ്കളുടെ അമ്മയും ഇല്ലാത്ത തിരഞ്ഞെടുപ്പാണ്. എങ്ങനെ നോക്കിക്കാണുന്നു?

അതെ തീർച്ചയായിട്ടും ഇത് രണ്ടും എനിക്ക് വലിയ നഷ്ടമാണ്. എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ കുറേ കാര്യങ്ങൾ എളുപ്പമായിരുന്നു. പരിഹാരങ്ങൾ കണ്ടെത്താനും പാർട്ടിയെ ശക്തമായി നയിക്കാനും അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ ഒരു അഭാവം ഞങ്ങൾക്ക് പ്രശ്നം ഉണ്ടാക്കുന്നു എന്നത് സത്യമാണ്. അമ്മ പിന്നെ എനിക്കൊരു വ്യക്തിപരമായ ശക്തിയായിരുന്നു. അതില്ലാത്തത് സ്വാഭാവികമായിട്ടും പ്രയാസം ഉണ്ടാക്കുന്നുണ്ട്.

ഈ നടൻ വിജയ് തമിഴ്നാട്ടിലെ കോൺഗ്രസ് സംഖ്യത്തിൽ വരണമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നുണ്ട്. അതിനോട് ദേശീയതലത്തിൽ പ്രവർത്തിച്ച നേതാവ് എന്ന നിലയിൽ എന്താണ് അഭിപ്രായം?

വിജയെ എനിക്കിഷ്ടമാണ്.

അത് കേരളത്തിലും ചെറിയൊരു ഇമ്പാക്ട് യുഡിഎഫിന് അനുകൂലമായി ഉണ്ടാക്കുമോ?

സാധ്യതയുണ്ട്

ഈ അഭിമുഖത്തിന്റെ ആദ്യഘട്ടത്തിൽ വിശേഷിപ്പിച്ചതുപോലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തരമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റ് അടക്കമുള്ള പദവികൾ വഹിച്ച ശ്രീ രമേശ് ചെന്നിത്തല അടുത്ത അഭിമുഖം വരുമ്പോൾ പുതിയ ഒരു പദവിയിലേക്ക് കൂടി എത്തട്ടെ എന്ന് ആശംസിക്കുന്നു.
നന്ദി നമസ്കാരം.

അഭിമുഖം തയ്യാറാക്കിയത് : പ്രകാശ് സി.എൻ

വീഡിയോയുടെ രണ്ടാംഭാഗം കാണുക…

വീഡിയോയുടെ ആദ്യഭാഗം കാണുക…

The post യു.ഡി.എഫ് വന്നാൽ അഴിമതിക്കാരെ പൂട്ടും, ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നും ചെന്നിത്തല appeared first on Express Kerala.

Spread the love

New Report

Close