നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമം! വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമം! വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയാണെന്നും എന്നാൽ ഇന്ന് ചില ശക്തികൾ വിദ്വേഷത്തിന്റെ വിത്തുപാകി നാടിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടെ പഠിക്കുന്നവരെ സഹോദരങ്ങളായി കാണുന്ന നമ്മുടെ സംസ്കാരത്തിൽ പകയുടെ രാഷ്ട്രീയം കലർത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ കേരളത്തിൽ വലിയ രീതിയിൽ വിജയിക്കുന്നില്ലെങ്കിലും, വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തന്നെ ഇത്തരം സാമൂഹിക വിപത്തുകളെയും തിരിച്ചറിയണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഐക്യ കേരളം രൂപീകൃതമായതിന് പിന്നാലെ വന്ന ആദ്യ ഇ.എം.എസ് സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് ആധുനിക കേരളത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഊരുട്ടമ്പലം സ്കൂളിൽ പഞ്ചമി എന്ന പെൺകുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ചപ്പോൾ അയ്യങ്കാളി നടത്തിയ ഐതിഹാസികമായ ഇടപെടലുകളെ അദ്ദേഹം അനുസ്മരിച്ചു. അന്ന് സവർണ്ണ മേധാവികൾ സ്കൂൾ ബെഞ്ചുകൾക്ക് തീയിട്ട ചരിത്രത്തിൽ നിന്ന് മാറി, ഇന്ന് എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് പഠിക്കുന്ന സാഹചര്യം ഉണ്ടായത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ നവോത്ഥാന മൂല്യങ്ങൾ ഏറ്റെടുത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സ്ത്രീപക്ഷ കേരളം ലക്ഷ്യം! സംസ്ഥാനത്ത് പുതിയ ‘വനിതാ നയം 2026’ പ്രാബല്യത്തിൽ

കേരളത്തിലെ പ്രൈമറി-സെക്കൻഡറി വിദ്യാഭ്യാസ മേഖലകളെ സൗജന്യമാക്കുന്നതിൽ ഇടതുപക്ഷ സർക്കാരുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാടിന്റെ ഭാവി തലമുറയുടെ കൈകളിലാണെന്നും, ഐക്യ കേരളത്തിന്റെ ഈ നേട്ടങ്ങൾ സംരക്ഷിക്കാൻ എല്ലാവരും സജ്ജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത മത-ജാതി വിഭാഗങ്ങളിൽപ്പെട്ടവർ ഒരൊറ്റ മനസ്സോടെ വളരുന്ന നമ്മുടെ വിദ്യാലയ അന്തരീക്ഷം തകർക്കാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

The post നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമം! വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി appeared first on Express Kerala.

Spread the love
Scroll to Top