
ഇന്ത്യയിലെ വാഹന ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്ത് ഒരു വിഐപി നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റുപോയി. ‘DDC 0001’ എന്ന വിന്റേജ് രജിസ്ട്രേഷൻ നമ്പറാണ് 2.08 കോടി രൂപയ്ക്ക് വിറ്റുപോയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൾപ്പാക്കുളയാണ് ആഡംബര കാറിനേക്കാൾ വില നൽകി ഈ അപൂർവ്വ നമ്പർ സ്വന്തമാക്കിയത്. ഇതോടെ, 2022-ൽ ഹരിയാനയിൽ 1.17 കോടി രൂപയ്ക്ക് വിറ്റുപോയ വിഐപി നമ്പറിന്റെ റെക്കോർഡ് പഴങ്കഥയായി.
Also Read: ഇന്തോനേഷ്യ പിടിച്ചടക്കാൻ ടാറ്റ; 70,000 വാണിജ്യ വാഹനങ്ങളുടെ വമ്പൻ ഓർഡർ സ്വന്തമാക്കി ചരിത്രനേട്ടം!
പ്രമുഖ ആഡംബര കാർ ഡീലർഷിപ്പായ ‘ബിഗ് ബോയ് ടോയിസ്’ പുതുതായി ആരംഭിച്ച ഓക്ഷൻ ഹൗസ് വഴിയാണ് ഈ ലേലം നടന്നത്. ബിഗ് ബോയ് ടോയിസ് ഉടമ ജതിൻ അഹൂജയുടെ കൈവശമുണ്ടായിരുന്ന ഈ നമ്പർ പ്ലേറ്റ്, നേരത്തെ അദ്ദേഹത്തിന്റെ മാരുതി സുസുക്കി ഇഗ്നിസ് കാറിലായിരുന്നു ഉപയോഗിച്ചിരുന്നത്. തന്റെ ഭാഗ്യനമ്പറായ ‘0001’ സ്വന്തമാക്കാൻ കിരൺ നടത്തിയ വാശിയേറിയ ലേലം ഇന്ത്യൻ ആഡംബര വിപണിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടി, രോഹിത് ഷെട്ടി, ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് എന്നിവരുമായുള്ള ബിസിനസ് ഇടപാടുകളിലൂടെ ശ്രദ്ധേയമായ ബിഗ് ബോയ് ടോയിസ്, ഇപ്പോൾ വാഹനങ്ങൾക്ക് പുറമെ വിന്റേജ് നമ്പറുകൾ, ലക്ഷ്വറി വാച്ചുകൾ, വിഐപി മൊബൈൽ നമ്പറുകൾ എന്നിവയുടെ ലേലത്തിലേക്കും കടന്നിരിക്കുകയാണ്. ഇത്രയും വലിയ തുകയ്ക്ക് ഒരു നമ്പർ പ്ലേറ്റ് വിറ്റുപോയത് രാജ്യത്തെ ‘ലക്ഷ്വറി കളക്ടീബിൾസ്’ വിപണിയിലെ വലിയ മുന്നേറ്റമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
The post ഒരു നമ്പർ പ്ലേറ്റിന് 2.08 കോടി! റെക്കോർഡ് തുകയ്ക്ക് ‘DDC 0001’ സ്വന്തമാക്കി ആന്ധ്ര സ്വദേശി appeared first on Express Kerala.


