
തുംകൂരു: അച്ഛന്റെ മരണത്തിന് കാരണം അമ്മയുടെ മന്ത്രവാദമാണെന്ന ജോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച് 55-കാരിയായ അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അനുപനഹള്ളി സ്വദേശിനി പുഷ്പവതിയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ സുചിത്രയെ (33) പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷം മുൻപ് നടന്ന അച്ഛന്റെ മരണത്തിന് പിന്നിൽ അമ്മ നടത്തിയ ദുർമന്ത്രവാദമാണെന്ന് ഒരു ജോത്സ്യൻ സുചിത്രയെ വിശ്വസിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് അമ്മയോട് തോന്നിയ കടുത്ത പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ശ്രീനഗറിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സുചിത്ര കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അമ്മയുടെ വീട്ടിലെത്തിയത്. രാത്രി അമ്മ ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, ഇത് സ്വാഭാവിക മരണമാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ സുചിത്ര ശ്രമിച്ചു. ചടങ്ങുകൾ വേഗത്തിൽ നടത്തി മൃതദേഹം സംസ്കരിക്കാനുള്ള നീക്കവും നടത്തി.
Also Read: പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
മൃതദേഹത്തിന്റെ അവസ്ഥയിലും സുചിത്രയുടെ അമിത ധൃതിയിലും സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സുചിത്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ സുചിത്ര കുറ്റം സമ്മതിച്ചു. സംഭവത്തിൽ ക്യാതസന്ദ്ര പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
The post അച്ഛന്റെ മരണത്തിന് കാരണം അമ്മയുടെ മന്ത്രവാദം; ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊലപ്പെടുത്തി മകൾ appeared first on Express Kerala.


