
തൃശൂർ: കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് (45) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജനുവരി 22-ന് ഉച്ചയ്ക്ക് ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചമക്കാല സ്വദേശി ഷാബിന്റെ കാറിൽ പ്രതികളിലൊരാളുടെ കാർ തട്ടിയതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ ഷാബിനെ അസഭ്യം പറയുകയും ഇഷ്ടികയും ഇടിവളയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി.
Also Read: പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം; 2 കോടി വിലവരുന്ന ആനക്കൊമ്പ് കാണാതായി
പിടിക്കപ്പെടാതിരിക്കാൻ വേഷപ്രച്ഛന്നനായാണ് നൗഷാദ് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ കാട്ടൂരിലെ അശോക ബാറിൽ ഇയാൾ വേഷം മാറി എത്തിയതായി ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബാർ വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ റിജിൽ (38), ആബിദ് (34), ഷാരോൺ (33) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
പിടിയിലായ നൗഷാദ് കൈപമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം നടത്തിയ കേസുകളിലും മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ജി എസ് ഐ ബാബു ജോർജ്ജ്, കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, ജി എസ് ഐ ജെയ്സൺ, ജി എ എസ് ഐ വിപിൻ, ജി എസ് സി പി ഒ ജ്യോതിഷ്, സി പി ഒ വിപിൻ ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post യുവാവിനെ ഇടിവളയും ഇഷ്ടികയും കൊണ്ട് ആക്രമിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ appeared first on Express Kerala.


