
അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പരിപാടിക്കായി ഇതുവരെ മൂന്ന് കോടി രൂപ മാത്രമാണ് ചിലവായതെന്നും ഈ തുക പൂർണ്ണമായും സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ സംഘാടനത്തിനായി ബോർഡിന്റെ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ അഡ്വാൻസായി എടുത്തിരുന്നെങ്കിലും, സ്പോൺസർഷിപ്പ് തുക ലഭിച്ച മുറയ്ക്ക് 2025 ഒക്ടോബറിൽ തന്നെ അത് കൃത്യമായി തിരിച്ചടച്ചിട്ടുണ്ട്. ഇതല്ലാതെ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും അധികമായി ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ചിലവായ തുകയെക്കുറിച്ച് ദേവസ്വം കമ്മീഷണർ നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 4.5 കോടിയും ജിഎസ്ടിയും എന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിലെ കണക്കുകൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും വിവാദങ്ങൾ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. ഭരണസമിതിയുടെ സുതാര്യമായ പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post അയ്യപ്പ സംഗമത്തിന് ചിലവായത് 3 കോടി മാത്രം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ പി.എസ്. പ്രശാന്ത് appeared first on Express Kerala.


