സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ സമാനതകളില്ലാത്ത മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പിടിതരാതെ കുതിച്ചുയർന്ന സ്വർണ്ണവിലയില്‍ ഇന്നലെയും ഇന്നുമായി വലിയ കുറവ് രേഖപ്പെടുത്തി.
പവൻ വിലയില്‍ ഒറ്റയടിക്ക് 1,920 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലെത്തി. ഇന്നലെ പവന് 1,16,160 രൂപയും ഗ്രാമിന് 14,520 രൂപയുമായിരുന്നു നിരക്ക്. വില വർധനവിനെത്തുടർന്ന് ജ്വല്ലറികളില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും പഴയ സ്വർണ്ണം വില്‍ക്കാനും മാറ്റിവാങ്ങാനും താല്പര്യം കാണിക്കുന്ന സാഹചര്യത്തില്‍, വിലയിലുണ്ടായ ഈ കുറവ് പുതിയ ആഭരണങ്ങള്‍ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും ഇന്ന് വ്യത്യാസം വന്നിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് 11,735 രൂപയും പവന് 93,880 രൂപയുമാണ് ഇന്നത്തെ വിപണി വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,135 രൂപയും (പവന് 73,080 രൂപ) 9 കാരറ്റിന് ഗ്രാമിന് 5,890 രൂപയുമാണ് (പവന് 47,120 രൂപ) നിരക്ക്. സ്വർണ്ണത്തിന് പിന്നാലെ വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 20 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയാണ് ഇന്നത്തെ വെള്ളി നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും ഇത്തരത്തില്‍ വില കുറയാൻ കാരണമായത്.


