
ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്തുവിട്ട സിംബാബ്വെയുടെ ചരിത്ര വിജയത്തിന് പിന്നാലെ രസകരമായ ഒരു പ്രവചനവുമായി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് രംഗത്ത്. കൊളംബോയിൽ നടന്ന പോരാട്ടത്തിൽ 23 റൺസിനാണ് സിംബാബ്വെ കരുത്തരായ ഓസീസിനെ അട്ടിമറിച്ചത്. ബ്ലെസിങ് മുസർബാനിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് സിംബാബ്വെയ്ക്ക് ഈ വിജയം സമ്മാനിച്ചത്. ടി20 ലോകകപ്പിൽ ഇതുവരെ ഓസ്ട്രേലിയക്ക് സിംബാബ്വെയെ തോൽപ്പിക്കാൻ ആയിട്ടില്ലെന്ന റെക്കോർഡും ഇതോടെ നിലനിന്നു. ഇതിന് പിന്നാലെയാണ് ചരിത്രത്തിലെ ചില യാദൃശ്ചികതകൾ ചൂണ്ടിക്കാട്ടി സെവാഗ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്.
മുമ്പ് ലോകവേദികളിൽ സിംബാബ്വെ ഓസ്ട്രേലിയയെ വീഴ്ത്തിയപ്പോഴൊക്കെ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ടെന്നാണ് സെവാഗ് ഓർമ്മിപ്പിക്കുന്നത്. “1983-ൽ സിംബാബ്വെ ഓസീസിനെ തോൽപ്പിച്ചപ്പോൾ ഇന്ത്യ ഏകദിന ലോകകപ്പ് നേടി. 2007-ലെ ടി20 ലോകകപ്പിലും സിംബാബ്വെ ഓസീസിനെ വീഴ്ത്തി, അന്നും ഇന്ത്യ തന്നെയായിരുന്നു ജേതാക്കൾ. ഇപ്പോൾ 2026-ലും ഇതാ ആ അട്ടിമറി ആവർത്തിച്ചിരിക്കുന്നു. ഇക്കുറിയും ഇന്ത്യ കപ്പടിക്കുമോ?”- സെവാഗ് ചോദിക്കുന്നു. സെവാഗിന്റെ ഈ ‘സെന്റിമെന്റൽ’ പ്രവചനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
The post സിംബാബ്വെ ഓസീസിനെ വീഴ്ത്തിയല്ലേ; അപ്പോൾ ഇന്ത്യ ലോകകപ്പടിക്കും: സെവാഗ് appeared first on Express Kerala.


