
ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മഴ നിഴൽ വീഴ്ത്തുന്നു. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ‘അക്യുവെതർ’ റിപ്പോർട്ടുകൾ പ്രകാരം മത്സരദിവസം രാവിലെയും ഉച്ചയ്ക്കും 70-80 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കാമെങ്കിലും കളി തടസ്സപ്പെടാൻ സാധ്യതയേറെയാണ്.
Also Read: ലോകകപ്പിനിടെ അഫ്ഗാൻ ടീമിൽ ആശങ്ക; പെർഫോമൻസ് അനലിസ്റ്റിന് ഹൃദയാഘാതം, ഡൽഹിയിൽ ശസ്ത്രക്രിയ
മഴ ഭീഷണി നിലനിൽക്കുമ്പോഴും പ്രേമദാസ സ്റ്റേഡിയത്തിലെ അത്യാധുനിക സജ്ജീകരണങ്ങൾ ആരാധകർക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. മൈതാനം മുഴുവനായി മൂടാനുള്ള കവറുകൾ സ്റ്റേഡിയത്തിൽ ലഭ്യമാണ്. മഴ മാറിയാൽ വെറും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാൻ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കുമെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ കാലാവസ്ഥയ്ക്ക് പുറമെ ടീം ഇന്ത്യയെ കുഴക്കുന്നത് ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അഭിഷേകിന് നമീബിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. താരം നാളെ കളിക്കുമോ എന്ന കാര്യത്തിൽ മെഡിക്കൽ സംഘം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അഭിഷേക് ശർമ്മയുടെ അഭാവത്തിൽ സഞ്ജു സാംസൺ വീണ്ടും ഓപ്പണറായേക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ മത്സരത്തിൽ ഇഷാൻ കിഷനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു, 8 പന്തിൽ 22 റൺസെടുത്ത് വെടിക്കെട്ട് തുടക്കം നൽകിയിരുന്നെങ്കിലും വലിയ സ്കോറിലേക്ക് എത്താനായിരുന്നില്ല. നിർണ്ണായകമായ പാക് പോരാട്ടത്തിൽ സഞ്ജുവിന് ഇലവനിൽ സ്ഥാനം ലഭിക്കുമോ അതോ അഭിഷേക് തിരിച്ചെത്തുമോ എന്നറിയാൻ ടോസ് വരെ കാത്തിരിക്കേണ്ടി വരും. ഇഷാൻ കിഷന്റെ മികച്ച ഫോമും സഞ്ജുവിന്റെ ആക്രമണശൈലിയും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
അതേസമയം, പാകിസ്ഥാനെതിരായ മത്സരങ്ങളിൽ എന്നും തിളങ്ങാറുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. പാകിസ്ഥാനെതിരെ കളിച്ച 12 ഇന്നിംഗ്സുകളിൽ നിന്നായി 315 റൺസും 25 വിക്കറ്റുകളും ഹാർദിക് സ്വന്തമാക്കിയിട്ടുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മത്സരത്തെ സ്വാധീനിക്കാൻ ഹാർദിക്കിന് സാധിക്കുമെന്ന് ഇന്ത്യൻ ക്യാമ്പ് വിശ്വസിക്കുന്നു. മഴ മാറി നിൽക്കുകയും താരങ്ങൾ പൂർണ്ണ കായികക്ഷമത കൈവരിക്കുകയും ചെയ്താൽ കൊളംബോയിൽ മറ്റൊരു ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
The post ഇന്ത്യ-പാക് പോരാട്ടത്തിന് മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ആരാധകർ ആശങ്കയിൽ appeared first on Express Kerala.


