
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ളസംഘമായി മാറിയെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകളാണ് അവിടെ നടന്നതെന്നും അൻവർ കോഴിക്കോട് ആരോപിച്ചു. ടെൻഡറില്ലാതെ പ്രവൃത്തികൾ ഏറ്റെടുക്കാനുള്ള സൗകര്യം ഊരാളുങ്കലിനെ ഒരു കുത്തകയാക്കി മാറ്റിയെന്നും, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഈ സൊസൈറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ നൽകുന്നത് നിർത്തലാക്കണമെന്നും സൊസൈറ്റിയുടെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അൻവർ, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം എവിടെയും എത്തിയില്ലെന്നും കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളെ രക്ഷിക്കാനാണ് ഭരണസംവിധാനം ശ്രമിക്കുന്നത്. എല്ലാ അഴിമതികൾക്കും പിന്നിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശിയുടെ ഇടപെടലുകളുണ്ടെന്നും അൻവർ ആരോപിച്ചു. “ഞങ്ങൾ എല്ലാം മൂടിവെക്കാം, കക്കാൻ പറ്റുന്നവർ കട്ടോളൂ, ഞങ്ങൾക്ക് വിഹിതം എത്തിച്ചാൽ മതി” എന്നതാണ് നിലവിലെ സർക്കാരിന്റെ നയമെന്നും അദ്ദേഹം പരിഹസിച്ചു.
The post ആഗോള അയ്യപ്പ സംഗമത്തിൽ അന്വേഷണം വേണമെന്ന് പി.വി. അൻവർ appeared first on Express Kerala.


