
കൊല്ലം: കൊല്ലത്ത് മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ മറവിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ കൊട്ടാരക്കര പോലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ വ്യാജ സ്ഥാപനങ്ങൾ നടത്തി പണം തട്ടിയ മൂന്ന് പ്രതികളെയാണ് പോലീസ് വലയിലാക്കിയത്. ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ, തിരുവല്ല സ്വദേശി രാജീവൻ, ഗിരീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായ വിപിൻ ഭാസ്കർ നിലവിൽ ഒളിവിലാണ്.
സെവൻ സ്റ്റാർ, എം 3 ജി അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ, തിരുവല്ല, കലയപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ ആരംഭിച്ചായിരുന്നു തട്ടിപ്പ്. മൈക്രോഫിനാൻസ് വഴി എളുപ്പത്തിൽ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒമ്പത് പേരിൽ നിന്നായി 10000 മുതൽ 65,000 രൂപ വരെ ഇവർ കൈക്കലാക്കി. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ പലരിൽ നിന്നായി തട്ടിയെടുത്തത്. ആലപ്പുഴ കരുമാടി സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് 55,000 രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പ്രതികളെ പിടികൂടിയത്.
The post വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊല്ലത്ത് മൈക്രോഫിനാൻസ് തട്ടിപ്പ് സംഘം പിടിയിൽ appeared first on Express Kerala.


