
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന് ആദരമർപ്പിച്ച് സംസ്ഥാന സർക്കാർ. ആലിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇതുസംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നൽകി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം വലിയ പ്രശംസയ്ക്ക് പാത്രമായിരുന്നു.
ആലിൻ നൽകിയ ജീവൻ്റെ കരുണയിലൂടെ അഞ്ച് പേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിജയകരമായി വെച്ചുപിടിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവായി ഈ കുരുന്ന് മാറി. കൂടാതെ ആലിന്റെ രണ്ട് വൃക്കകൾ എസ്.ഐ.ടിയിൽ ചികിത്സയിലായിരുന്ന പത്തുവയസ്സുകാരനും നൽകി. കുഞ്ഞിന്റെ നേത്രപടലങ്ങളും ഹൃദയവാൽവും ദാനം ചെയ്തിട്ടുണ്ട്. ഇവ വരും ദിവസങ്ങളിൽ കൃത്യമായ സ്വീകർത്താക്കൾക്ക് നൽകും.
Also Read: കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ആലിൻ ഷെറിന് അപകടത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇപ്പോൾ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സ്വന്തം വേർപാടിലും അഞ്ച് പേർക്ക് വെളിച്ചമായി മാറിയ ആലിൻ കേരളത്തിന് സമാനതകളില്ലാത്ത മാതൃകയാണ്.
The post അഞ്ച് പേർക്ക് ജീവൻ നൽകി ആലിൻ ഷെറിൻ മടങ്ങി! സംസ്കാരം നാളെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ appeared first on Express Kerala.


