
കേരളത്തെ റെയിൽവേ ലെവൽ ക്രോസുകളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം നീങ്ങുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-26 കാലഘട്ടത്തിൽ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായതെന്നും നിലമ്പൂർ അടിപ്പാത ഉൾപ്പെടെ പത്ത് പദ്ധതികൾ ഇതിനകം പൂർത്തിയായതായും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ സംസ്ഥാനത്ത് 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ആകെ 99 മേൽപ്പാലങ്ങൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 72 എണ്ണത്തിന്റെ ചുമതല കിഫ്ബിക്കും 27 എണ്ണത്തിന്റെ ചുമതല ആർ.ബി.ഡി.സി.കെക്കുമാണ് നൽകിയിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം നൂറ് ശതമാനം കേന്ദ്ര ധനസഹായത്തോടെ 37 മേൽപ്പാലങ്ങൾ കെ.ആർ.ഡി.സി.എൽ വഴി നിർമ്മിക്കുമെന്നും ഇതോടെ ആകെ 140 മേൽപ്പാലങ്ങൾ നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read; കണ്ണൻ ഗോപിനാഥൻ ഇനി എഐപിസിക്കൊപ്പം; കോഴിക്കോട് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു
പുതിയാപ്പ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി 13.76 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ പുനരാരംഭിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ എം.കെ. രാഘവൻ എം.പി, മേയർ ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ എം. അൻസാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
The post ലക്ഷ്യം റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം; പാവങ്ങാട് മേൽപ്പാലം നിർമ്മാണത്തിന് തുടക്കമായി appeared first on Express Kerala.


