
പല്ലും നഖവും നഷ്ടപ്പെട്ട അവസ്ഥയിൽ മാത്രമല്ല, തെരുവിലിറങ്ങിയാൽ അടി കിട്ടുന്ന അവസ്ഥയിലേക്ക് വരെ കേരള പൊലീസ് മാറിയത് സേനയിൽ സർക്കാർ വിരുദ്ധ വികാരം ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ നടന്ന സംഭവം തലസ്ഥാനത്താണ്. മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ച സംഭവം സേനയെ ആകെ ഞെട്ടിച്ച സംഭവമാണ്. മർദിച്ച എസ്എഫ്ഐക്കാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ, മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ നടപടി പൊലീസ് സേനയിൽ ശക്തമായ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.
പൊളിറ്റിക്കൽ സെക്രട്ടറി സമ്മർദ്ദം ചൊലുത്തിയാണ് പൊലീസുകാരന് എതിരെ കേസെടുപ്പിച്ചത് എന്ന വിവരമാണിപ്പോൾ പുറത്ത് വരുന്നത്. ഇതിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥരിലും പ്രതിഷേധം കത്തി പടരുകയാണ്.പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും മുൻ ഉദ്യോഗസ്ഥരുടെയും എല്ലാം വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പൊലീസുകാരനെ മർദ്ദിച്ചതിനും കേസെടുത്തതിനും എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.മനോജ് എബ്രഹാം പൊലീസ് മേധാവി ആയിരുന്നു എങ്കിൽ പൊളിറ്റിക്കൽ സെക്രട്ടറിയോട് പോയി പണി നോക്കാൻ പറഞ്ഞ് പൊലീസുകാരനെ അടിച്ചവരെ തൂക്കിയെടുത്ത് അകത്തിടാൻ നിർദ്ദേശം നൽകുമായിരുന്നു എന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വരുന്ന പ്രതികരണം.
മുൻപ് മനോജ് എബ്രഹാം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നപ്പോൾ എം.ജി കോളജിലുണ്ടായ സംഘർഷത്തിൽ സി.ഐക്ക് നേരെ ബോംബേറ് ഉണ്ടായപ്പോൾ, കോളജിന് അകത്ത് കയറി പൊലീസ് ലാത്തിചാർജിന് നേതൃത്വം കൊടുത്തത് മനോജ് എബ്രഹാം ആയിരുന്നു. അന്ന് സിറ്റി പൊലീസ് കമ്മീഷണറെ പിന്തിരിപ്പിക്കാൻ സോണൽ ഐജി ആയിരുന്ന ടി.പി സെൻകുമാർ ശ്രമിച്ചിട്ടും മനോജ് എബ്രഹാം വഴങ്ങിയിരുന്നില്ല. ഒടുവിൽ, ഐജി തന്നെ നേരിട്ട് എം.ജി കോളജിൽ എത്തിയ ശേഷമാണ് പൊലീസ് നടപടിക്ക് അയവ് വന്നിരുന്നത്. കമ്മീഷണറുടെ ഉത്തരവ് പ്രകാരം അടി തുടങ്ങിയ പൊലീസ് ഐജി നേരിട്ട് പറഞ്ഞിട്ടും ലാത്തിചാർജ് നിർത്താതിരുന്നതിൽ പ്രകോപിതനായ ടി.പി സെൻകുമാർ ഒരു പൊലീസുകാരനെ കുത്തിന് പിടിച്ച് ആക്രോശിക്കുന്ന വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. ഇതും പുതിയ സാഹചര്യത്തിൽ പൊലീസ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചശിക്കുന്നുണ്ട്.
പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയ ശേഷം പൊലീസിൻ്റെ മനോവീര്യം തകർന്നതായാണ് പൊലീസിനുള്ളിലെ പൊതുവെയുള്ള വിമർശനം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയതായി ഇടതുപക്ഷത്തും അഭിപ്രായമുണ്ട്. മൂന്നാമത് ഒരിക്കൽ കൂടി പിണറായി സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ഒരിക്കലും പി ശശി പൊളിറ്റിക്കൽ സെകട്ടറിയാകില്ലന്നതും ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്.
എ ആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) ആണ് ഇപ്പോൾ മർദനമേറ്റിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തടഞ്ഞു നിർത്തൽ, അസഭ്യം പറയൽ ചെറിയ രീതിയിലുള്ള മർദനശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. സഹോദരിക്കൊപ്പമാണ് മിഥുൻ മാളിൽ എത്തിയിരുന്നത്.

കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാർ ലാത്തിവീശിയിരുന്നു. ഇതിൽ ചില എസ്എഫ്ഐ പ്രവർത്തകർക്കു പരുക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ച മിഥുനെ സംഘം ചേർന്ന് ആക്രമിച്ചത്. രേവന്ത്, സുജിത് എന്നിവർക്കും കണ്ടാലറിയാവുന്ന 2 പേർക്കുമെതിരെയാണ് കേസെടുത്തത്.
പേട്ട ചായക്കുടി സ്വദേശി വിനയ്പ്രകാശിന്റെ പരാതിയിലാണ് മിഥുനും സഹോദരിക്കുമെതിരെ കേസുള്ളത്. മിഥുൻ ശംഖുമുഖത്ത് വച്ച് ലാത്തികൊണ്ട് അടിച്ചതിൽ കമ്മിഷണർക്ക് നൽകിയ പരാതി പിൻവലിക്കാത്ത വൈരാഗ്യമാണെന്നാണു ഈ പരാതിയിലുള്ളത്. ശംഖുമുഖത്തെ സംഭവത്തിനുശേഷം മിഥുൻ മെഡിക്കൽ അവധിയിലായിരുന്നു. മാളിൽ മിഥുന്റെ പിന്നാലെ നടന്ന് അസഭ്യം പറയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതുമായ വിഡിയോ എസ്എഫ്ഐ പ്രവർത്തകർ തന്നെ റെക്കോർഡ് ചെയ്തിരുന്നു. അതും പുറത്ത് വന്നിട്ടുണ്ട്.
പലതവണ മിഥുനെ പിടിച്ചുതള്ളുന്നതും പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിപ്പട്ടികയിലുള്ള എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ചവിട്ടി വീഴ്ത്തുന്നതും ദൃശ്യത്തിൽ കാണാം. പുറത്തുവന്ന സിസിടിവി ദൃശ്യത്തിലും എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നത് വ്യക്തമാണ്. എന്നാൽ ദൃശ്യങ്ങളിൽ ഒരിടത്തും മിഥുനും സഹോദരിയും ആയുധം ഉപയോഗിക്കുന്നതായി കാണുന്നില്ല.
Also Read: തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലേക്ക്
പൊലീസ് സേനയെ ഞെട്ടിച്ച സംഭവത്തിൽ നാണം കെട്ടിരിക്കുന്നതിപ്പോൾ ആഭ്യന്തര വകുപ്പാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കൃത്യമായ ഒരു പൊലീസിങ്ങും കേരളത്തിൽ നടക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.സ്റ്റേഷൻ എസ്.എച്ച്.ഒ മുതൽ പൊലീസ് തലപ്പത്തെ നിയമനങ്ങളിൽ വരെ ഉദ്യോഗസ്ഥ അർഹർ പലരും പുറത്താണ്. ഇതും പൊലീസിൻ്റെ പ്രവർത്തനങ്ങളെ വല്ലാതെ താളം തെറ്റിച്ചിട്ടുണ്ട്.
പലയിടത്തും പൊലീസുകാർ തന്നെ ആക്രമിക്കപ്പെടുമ്പോൾ നിസഹായരായി നിൽക്കേണ്ടി വരുന്ന പൊലീസുദ്യോഗസ്ഥരുടെ അവസ്ഥ വല്ലാത്ത ഒരു അവസഥ തന്നെയാണ്. മനോജ് എബ്രഹാമിനെ പോലുള്ള ചങ്കുറപ്പുള്ള ഒരു പൊലീസ് മേധാവി ഉണ്ടായിരുന്നു എങ്കിൽ, കാക്കിക്ക് നേരെ കൈ പൊക്കാൻ ഒരുത്തനും ധൈര്യപെടില്ലായിരുന്നു എന്ന് പൊലീസുകാർക്ക് പോലും പറയേണ്ടി വരുന്നതും ഈ സാഹചര്യത്തിലാണ്.
The post മനോജ് എബ്രഹാം ഉണ്ടായിരുന്നെങ്കിൽ, ഈ അടിയും മേടിച്ച് പൊലീസുകാരന് പോകേണ്ടി വരില്ലായിരുന്നു… appeared first on Express Kerala.


