
ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഫെബ്രുവരി 17-ഓടെ ഇത് തെക്കൻ ബംഗാൾ ഉൾക്കടലിലെത്തി ശ്രീലങ്കൻ തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലെ കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടായേക്കാം.
കേരളത്തിൽ നേരിട്ടുള്ള പ്രളയസാധ്യതയോ അതിശക്തമായ മഴയോ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും ഫെബ്രുവരി 20-ന് ശേഷം കിഴക്കൻ കാറ്റ് അനുകൂലമാകുന്നതോടെ മധ്യ-തെക്കൻ ജില്ലകളിൽ അന്തരീക്ഷം മേഘാവൃതമാകാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ഫെബ്രുവരി 18 മുതൽ 22 വരെ സംസ്ഥാനത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്. അതേസമയം, തെക്കൻ ശ്രീലങ്കയിൽ ന്യൂനമർദ്ദത്തിന്റെ ഫലമായി പ്രാദേശിക പ്രളയത്തിന് സാധ്യതയുള്ള ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Also Read: മണിശങ്കർ അയ്യരുടെ അഭിപ്രായ പ്രകടനം ആത്മാർത്ഥത നിറഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി
ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
The post ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ നേരിയ മഴയ്ക്കും തണുത്ത കാലാവസ്ഥയ്ക്കും സാധ്യത! appeared first on Express Kerala.


