
ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളിൽ യുപിഐ വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുന്നതായി പുതിയ സർവേ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ 57 ശതമാനം പേരും ഇന്ന് ഡിജിറ്റൽ ഇടപാടുകൾക്കായി യുപിഐ ആണ് തിരഞ്ഞെടുക്കുന്നത്. ഇതോടെ നേരിട്ട് പണം നൽകി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. ഇടപാടുകൾ ലളിതമാണെന്നതും പണം തൽക്ഷണം കൈമാറാൻ കഴിയുന്നതുമാണ് യുപിഐയുടെ സ്വീകാര്യത വർധിപ്പിച്ചത്.
നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ ഈ പഠനം രാജ്യത്തെ സാമ്പത്തിക ഉൾപ്പെടുത്തൽ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തി. 2021-ൽ തുടങ്ങിയ സർക്കാരിന്റെ ഇൻസെന്റീവ് സ്കീമുകൾ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ ശക്തിപ്പെടുത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2025 വരെ നീളുന്ന ഈ പദ്ധതി വഴി പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സാധിച്ചിട്ടുണ്ട്.
Also Read: ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിലിറങ്ങില്ല; ഊബർ, സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ പണിമുടക്കിലേക്ക്
രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഉപഭോക്താക്കൾ, വ്യാപാരികൾ, സേവനദാതാക്കൾ എന്നിവരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 65 ശതമാനം പേരും ദിവസവും ഒന്നിലധികം തവണ യുപിഐ ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് 18-നും 25-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലാണ് ഈ ഡിജിറ്റൽ വിപ്ലവം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്.
ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാൻ പ്രധാന കാരണമായി 74 ശതമാനം പേരും ചൂണ്ടിക്കാട്ടിയത് പണമിടപാടുകളുടെ വേഗതയാണ്. 52 ശതമാനം പേർ ക്യാഷ്ബാക്ക് ഓഫറുകളെ ഇഷ്ടപ്പെടുമ്പോൾ, ഭൂരിഭാഗം പേർക്കും യുപിഐ, റുപേ കാർഡുകൾ ഉപയോഗിക്കുന്നതിൽ വലിയ ആത്മവിശ്വാസമാണുള്ളത്. ഇതോടെ എടിഎമ്മുകളെ ആശ്രയിക്കുന്നതും പണം കയ്യിൽ കരുതുന്നതും ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
The post നോട്ടിനെ വെട്ടിച്ച് യുപിഐ! ഇന്ത്യയിൽ പകുതിയിലധികം പേരും ഡിജിറ്റൽ ഇടപാടുകളിലേക്ക്, സർവേ റിപ്പോർട്ട് appeared first on Express Kerala.


