
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്ക് കർശന നിർദ്ദേശങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ മറ്റ് പദവികളിലേക്ക് പരിഗണിക്കില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പ്രചാരണ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സീറ്റിനായി അനാവശ്യ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അർഹതയുണ്ടായിട്ടും മാറിനിന്നവർക്ക് ഇത്തവണ അവസരം നൽകും. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ലെന്ന് മാത്രമല്ല, അവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർത്ഥി ആരായാലും അവരെ ജയിപ്പിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
Also Read: മണിശങ്കർ അയ്യരുടെ അഭിപ്രായ പ്രകടനം ആത്മാർത്ഥത നിറഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി
സച്ചിൻ പൈലറ്റ് അടക്കമുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്ത യോഗത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ ഭവന സന്ദർശനം അടക്കമുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള നിർണ്ണായക തീരുമാനവും സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ഉണ്ടായേക്കും. സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുന്നതോടെ ബെന്നി ബെഹ്നാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
The post സ്ഥാനാർത്ഥി മോഹികൾക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈക്കമാൻഡ്! തോറ്റവർക്ക് ഇനി പദവികളില്ലെന്ന് കെ.സി. വേണുഗോപാൽ appeared first on Express Kerala.


