
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കേണ്ട സാഹചര്യം വന്നാൽ സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ലെന്നും ഇത് കേരളത്തിലെ വിഷയമായതിനാൽ സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
സമൂഹത്തിൽ ഒഴിവാക്കാൻ കഴിയുന്ന സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകണമെന്നാണ് പാർട്ടിയുടെ നിലപാട്. എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ടാകണമെന്ന സമീപനമാണ് പാർട്ടി പിന്തുടരുന്നതെങ്കിലും അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാകണം എന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്ന വിസ്മയം ഭരണത്തുടർച്ചയായിരിക്കുമെന്നും എം.എ. ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സാംസ്‌കാരിക പ്രവർത്തകരെ സിപിഐഎം എന്നും ഉൾക്കൊണ്ടിട്ടുണ്ടെന്നും പുതിയ തലമുറയ്ക്ക് വഴിയൊരുക്കിയ നേതാവായിരുന്നു എൻ. ശ്രീധരനെന്നും അദ്ദേഹം അനുസ്മരിച്ചു.
അതേസമയം, ശബരിമല യുവതീ പ്രവേശനമുൾപ്പെടെയുള്ള ഹർജികളിൽ മാർച്ച് 14-നകം നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും മറ്റ് കക്ഷികളോടും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏപ്രിൽ ഏഴിന് കേസിൽ വിശദമായ വാദം തുടങ്ങും. ഒരു മാസത്തിനകം എല്ലാ കക്ഷികളും തങ്ങളുടെ വാദങ്ങൾ എഴുതി നൽകണം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഒൻപതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിക്കും. അഭിഭാഷകനായ കെ. പരമേശ്വറിനെ അമികസ് ക്യൂറിയായി കോടതി നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 22-ഓടെ വാദങ്ങൾ പൂർത്തിയാക്കി കേസിൽ അന്തിമ തീരുമാനമെടുക്കാനാണ് സുപ്രീം കോടതിയുടെ നീക്കം.
The post ശബരിമല യുവതീപ്രവേശനം! സർക്കാർ ഉചിതമായ തീരുമാനമെടുക്കും; എം.എ. ബേബി appeared first on Express Kerala.


