
മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പേട്രിയറ്റ്’ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലേക്ക്. ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കി. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. നേരത്തെ മോഹൻലാലും ഡബ്ബിങ് പൂർത്തിയാക്കിയിരുന്നു. 18 വർഷത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി തെന്നിന്ത്യയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ സിനിമ മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി.
Also Read: ‘ഹേ ഭഗവാൻ’ ഇനി ‘ഹേ ബലവന്ത്’; തെലുങ്ക് സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പൂട്ട്
ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള ചിത്രത്തിലെ ആദ്യത്തെ ബിടിഎസ് വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. മനുഷ് നന്ദൻ ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. ശ്രീലങ്കൻ എയർഫോഴ്സിന്റെ സഹകരണത്തോടെ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായിരിക്കും. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ‘പേട്രിയറ്റ്’ 2026 ഏപ്രിൽ 23-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
The post മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’; ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി! appeared first on Express Kerala.


