
ന്യൂഡിൽസ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, എന്നാൽ വിപണിയിൽ ലഭിക്കുന്ന മൈദ ചേർത്ത നൂഡിൽസുകൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഈ സാഹചര്യത്തിൽ രുചിയിൽ ഒട്ടും പിന്നിലല്ലാത്തതും എന്നാൽ ആരോഗ്യത്തിന് മികച്ചതുമായ ഒരു ബദലാണ് വീട്ടിൽ തയ്യാറാക്കുന്ന ഗോതമ്പ് നൂഡിൽസ്. മൈദ ഒഴിവാക്കി ഗോതമ്പ് പൊടി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ നാരുകൾ ലഭിക്കുമെന്ന് മാത്രമല്ല, ദഹന പ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കുന്നു. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ വിഭവം പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ധൈര്യമായി തിരഞ്ഞെടുക്കാം.
ചേരുവകൾ
ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – മാവ് കുഴക്കാൻ ആവശ്യത്തിന്
എണ്ണ – 1 ടേബിൾ സ്പൂൺ
ഇഞ്ചി – 1 ടീ സ്പൂൺ
വെളുത്തുള്ളി – 1 ടീ സ്പൂൺ
കുരുമുളക് പൊടി – 1 ടീ സ്പൂൺ
സോയ സോസ് – 2 ടീ സ്പൂൺ
ചില്ലി സോസ് – 2 ടീ സ്പൂൺ
പച്ചക്കറികൾ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി അയവിൽ കുഴച്ചെടുക്കുക. മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം എണ്ണ പുരട്ടാവുന്നതാണ്. ഇടിയപ്പത്തിന്റെ അച്ചിലോ ന്യൂഡിൽസ് മേക്കറിലോ മാവ് നിറച്ച് തിളച്ച വെള്ളത്തിലേക്ക് നൂൽ പോലെ ഈ മാവ് ഇട്ടുകൊടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ അല്പം എണ്ണയും ഉപ്പും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കിയ ന്യൂഡിൽസ് ഇട്ട് 3-4 മിനിറ്റ് വേവിക്കുക. വെന്ത ന്യൂഡിൽസ് ഉടൻ തന്നെ തണുത്ത വെള്ളത്തിൽ ഇട്ട ശേഷം പെട്ടെന്ന് മാറ്റാം. ഇത് അവ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചക്കറികൾ ചേർത്ത് പകുതി വേവാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് സോയ സോസും ചില്ലി സോസും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ന്യൂഡിൽസ് ചേർത്ത് നന്നായി ഇളക്കുക.
The post ആരോഗ്യവും രുചിയും ഒന്നിച്ച്! വീട്ടിലുണ്ടാക്കാം പോഷകസമൃദ്ധമായ ഗോതമ്പ് നൂഡിൽസ് appeared first on Express Kerala.


